chathannur
ചാത്തന്നൂർ സബ്ട്രഷറി

ചാത്തന്നൂർ: കാലപ്പഴക്കവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം വയോധികരടക്കമുള്ളവരെ വലയ്ക്കുന്ന ചാത്തന്നൂർ സബ്ട്രഷറിക്ക് പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ ഇനിയുമേറെ കാത്തിരിക്കണം.

വഞ്ചിക്ളേമെൻസിൽ മിനി സിവിൽ സ്റ്റേഷന് സമീപം വ്യവസായ വകുപ്പിന്റെ പത്ത് സെന്റ് സ്ഥലം ചാത്തന്നൂർ സബ്ട്രഷറിക്കായി അനുവദിച്ചിരുന്നു. ഇരുനില കെട്ടിടം നിർമ്മിക്കുന്നതിനായി രണ്ടരക്കോടി രൂപയും വകയിരുത്തി. കൺസൾട്ടൻസിയായി ഇൻകെൽ എന്ന സ്ഥാപനത്തെയും നിയമിച്ചു. എന്നാൽ ടെൻ‌ഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ നിർമ്മാണം വൈകുകയാണ്.

ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ നിലവിൽ സബ്ട്രഷറി പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരും. ഈ സാഹചര്യത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം വൈകുന്നതിന്റെ ആശങ്കയിലാണ് ജനങ്ങളും ഉദ്യോഗസ്ഥരും.

 അസൗകര്യങ്ങളുടെ കൂമ്പാരം

അരനൂറ്റാണ്ടോളം പഴക്കമുള്ള പഴയ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് നിലവിൽ ചാത്തന്നൂർ സബ്ട്രഷറിയുടെ പ്രവർത്തനം. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ചപ്പോഴാണ് പഴയ കെട്ടിടം സബ്ട്രഷറിക്ക് നൽകിയത്. അതേസമയം ചാത്തന്നൂർ പഞ്ചായത്തിന്റെ കെട്ടിടങ്ങൾ കാലപ്പഴക്കം, ബലക്ഷയം, അസൗകര്യം എന്നീ കാരണങ്ങളാൽ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അതിലും പഴക്കമുള്ള സബ്ട്രഷറി കെട്ടിടത്തിന്റെ അസൗകര്യവും ബലക്ഷയവും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സബ് ട്രഷറിയാണ് ചാത്തന്നൂരിലേത്. രണ്ടായിരത്തോളം വിരമിച്ച ജീവനക്കാരാണ് ഇവിടെ നിന്ന് പെൻഷൻ വാങ്ങുന്നത്. കരാറുകാർ ഉൾപ്പെടെ നൂറുകണക്കിനാളുകളും വിദ്യാർത്ഥികളും ദിവസേന ഈ സ്ഥാപനത്തെ ആശ്രയിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലും യാതൊരു സുരക്ഷയും ഇല്ലാത്ത കെട്ടിടത്തിലാണ് സബ്ട്രഷറി പ്രവർത്തിക്കുന്നത്.

പഴയ കെട്ടിടം എപ്പോ വേണമെങ്കിലും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലമാകുന്നതോടെ ചോർച്ച മൂലം ഉദ്യോഗസ്ഥരും പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്. മുറികൾക്കുള്ളിൽ നിന്നുതിരിയാനിടമില്ലാത്ത അവസ്ഥ,​ വെയിലും മഴയും കൊള്ളാതെ നിൽക്കാൻ ഇടുങ്ങിയ മുറ്റത്ത് സൗകര്യമില്ല,​ ഇങ്ങനെ അസൗകര്യങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ് ചാത്തന്നൂർ സബ്ട്രഷറി കെട്ടിടം.