health

കുട്ടികളിൽ കാണുന്ന ചില ദുശീലങ്ങൾമൂലം വായിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും മാതാപിതാക്കൾക്ക് പരിഹരിക്കാൻ കഴിയാതെ വരാറുണ്ട്. ഇങ്ങനെയുള്ള ശീലങ്ങളും അവമൂലമുള്ള പ്രശ്നങ്ങളും കുട്ടികളുടെ പല്ലുകളിൽ പ്രകടമാകും. എല്ലാ ദുശീലങ്ങൾക്കും വ്യക്തമായ പരിഹാരമുണ്ട്.

കൈ കടിക്കുന്ന ശീലം

ശക്തവും തുടർച്ചയായി ഒന്നോ അതിൽ കൂടുതലോ വിരലുകൾ വായിൽ വച്ച് വലിച്ചുകുടിക്കുന്ന ശീലമാണിത്. നാല് വയസിന് മുകളിൽ ഉള്ളവരാണെങ്കിൽ ദന്ത ഡോക്ടറെ കാണിക്കണം. ജനിച്ച് ഒരാഴ്ച പ്രായമുള്ള കുട്ടികളിൽ ഇത് സാധാരണമാണ്. എന്നാൽ, മൂന്ന് വയസിന് ശേഷവും ഈ പ്രവണത കണ്ടുവരികയാണെങ്കിൽ ഗൗരവമായി കാണണം. ഇത് പല രീതിയിൽ കുട്ടികളുടെ പല്ലിനെയും മോണയെയും ബാധിക്കാം. തുടർച്ചയായി വിരലുകൾ കൊണ്ട് പല്ലിലേക്കുള്ള പ്രഷർ മുകളിലെ മുൻനിരയിലെ പല്ലുകളുടെ ഉന്തലിനും വിടവിനും കാരണമാവുകയും താഴ്നിരയിലെ പല്ലുകൾ ഉള്ളിലേക്ക് തള്ളുന്നതിനും കാരണമാകും.

കുട്ടികളിൽ ഈ ശീലം ഉണ്ടെന്ന് മനസിലാക്കാൻ ഇവരുടെ വിരലുകൾ നോക്കിയാൽ മതിയാകും. ഏത് വിരലാണോ തുടർച്ചയായി കുടിക്കുന്നത് ആ വിരലിൽ തഴമ്പ് ഉണ്ടാകും. മൂന്ന് വയസിനുള്ളിലുള്ള കുട്ടികളാണെങ്കിൽ കയ്പ്പുള്ള വേപ്പില,​ കുരുമുളക് എന്നിവ അരച്ച് വിരലിൽ തേയ്ക്കാം. അല്ലെങ്കിൽ വാട്ടർ പ്രൂഫ് ബാൻഡേജ് വിരലിൽ ചുറ്റാം.

നാക്കുകൊണ്ട് തള്ളുന്ന പ്രവണത

ഈ ശീലം മാതാപിതാക്കളുടെ ശ്രദ്ധയിൽ വരാനുള്ള സാദ്ധ്യത കുറവാണ്. ദന്ത ഡോക്ടറെ കാണുമ്പോൾ മാത്രമായിരിക്കും ഇത് തിരിച്ചറിയാൻ കഴിയുക. കുട്ടി ആഹാരം കഴിക്കുമ്പോഴോ ഉമിനീർ ഇറക്കുമ്പോഴോ നാക്ക് മുന്നിലേക്ക് കൊണ്ടുവന്ന് പല്ലിലേക്ക് തള്ളുന്ന പ്രവണതയാണിത്. ജനിച്ചുവീഴുന്ന കുട്ടികൾ പാൽ വലിച്ചാണ് കുടിക്കുന്നത്. ക്രമേണയുള്ള ആഹാര രീതിയിലുള്ള വ്യത്യാസത്തിലൂടെ ഈ ശീലം സ്വാഭാവികമായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ, മാറ്റമില്ലാതെ തുടരുന്നതിലൂടെയാണ് ഇത് ഒരു ശീലമായി മാറുന്നത്.

വായിലെ മുൻനിരയിലെ പല്ലുകളുടെ ഉന്തൽ, നാക്കിന്റെ ക്രമരഹിരതമായ ചലനം, മുകളിലെയും താഴത്തെയും മുൻനിരകളിലെ പല്ലുകൾ തമ്മിൽ മുട്ടാതിരിക്കുന്ന അവസ്ഥ, സംസാരത്തിനിടയിൽ എസ്, എൻ, ടി പോലെയുള്ള അക്ഷരങ്ങളോ വാക്കുകളോ സംസാരിക്കുമ്പോഴുള്ള വ്യത്യാസം എന്നിവ ഉണ്ടാകാറുണ്ട്. ഈ സമയം കുട്ടികളുടെ പല്ലിൽ കമ്പിയിടാൻ ഡോക്ടറുടെ അടുത്ത് ചെന്നാൽ ഈ ശീലം നിറുത്തിയ ശേഷമേ കമ്പി ഇടാറുള്ളു. ഇല്ലെങ്കിൽ കമ്പി ഊരിയതിന് ശേഷം നാളുകൾക്കകം പുല്ലുകൾ വീണ്ടും ഉന്തിവരും.

(വായിലൂടെയുള്ള ശ്വസനം, പല്ലിറുമൽ.. അതേക്കുറിച്ച് നാളെ)

ഡോ.രാജേഷ്.ആർ.നായർ

ഡോ.രാജേഷ് ദന്തൽ ലോഞ്ച്,

ഓച്ചിറ

ഫോൺ: 9895168932