കൊല്ലം: മുണ്ടയ്ക്കലിൽ നെടുകയും കുറുകെയും റോഡുകളാണ്. പക്ഷെ ഒന്നും ഗതാഗത യോഗ്യമല്ല. തകർന്ന് തരിപ്പണമായി കിടക്കുന്ന മുണ്ടയ്ക്കലെ റോഡുകളിലെ പാതാളക്കുഴികളിൽ വീണ് ഇവിടുത്തുകാരുടെ നടുവും കാലും ഒടിയുകയാണ്. റോഡോ നന്നാക്കില്ല, എന്നാൽപിന്നെ നടുവും കാലുമൊടിയുന്നവരുടെ ചികിത്സയ്ക്കുള്ള പണം ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ വീട്ടുപടിക്കൽ സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
തുമ്പറ മാർക്കറ്റ് - മുണ്ടയ്ക്കൽ പാലം റോഡ്, സ്നേഹ ലോഡ്ജ് - തുമ്പറ മാർക്കറ്റ് റോഡ്, മിൾട്ടൺ പ്രസ് - ജോസ് ആർട്സ് റോഡ്, മുണ്ടയ്ക്കലേക്കുള്ള കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ്, ഡി.സി.സി ഓഫീസ് - ലയൺസ് ക്ലബ് റോഡ് എന്നിവ തകർന്നിട്ട് മാസങ്ങളായി. കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ് അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഗതാഗത യോഗ്യമല്ല.
മഴ പെയ്യുന്നതോടെ റോഡുകളിലെല്ലാം വെള്ളക്കെട്ടാകും. പിന്നെ റോഡേത് കുഴിയേതെന്ന് അറിയാനാകില്ല. റോഡുകൾ ഉടൻ നവീകരിക്കും, ടെണ്ടർ കഴിഞ്ഞു, കരാറായി എന്നൊക്കെ കഴിഞ്ഞ ഒരുവർഷക്കാലമായി ജനപ്രതിനിധികൾ പറയുന്നുണ്ടെങ്കിലും റോഡിലെ കുഴികൾ അടയ്ക്കാൻ പോലും ആരും തയ്യാറായിട്ടില്ല.
ടാറിടും, വെട്ടിപ്പൊളിക്കും
തുമ്പറ മാർക്കറ്റ്- സ്നേഹ ലോഡ്ജ് റോഡ് 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൊട്ടടുത്തവർഷം പുനർനിർമ്മിച്ചതാണ്. കഷ്ടിച്ച് മൂന്ന് മാസം പിന്നിട്ടപ്പോൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കുടിവെള്ള പൈപ്പുകളിടാൻ റോഡ് കുത്തിപ്പൊളിക്കാൻ നഗരസഭാ സംഘമെത്തി. കൗൺസിലർ ഇടപെട്ട് ഒരുവർഷക്കാലത്തോളം റോഡ് കുത്തിയിളക്കൽ തടഞ്ഞുവച്ചെങ്കിലും കഴിഞ്ഞ മേയിൽ അയഞ്ഞു. ഇതോടെ ലക്ഷങ്ങൾ മുടക്കി നവീകരിച്ച തുമ്പറ മാർക്കറ്റ് - സ്നേഹ ലോഡ്ജ് റോഡ് പഴയതിനെക്കാൾ ദയനീയാവസ്ഥയിലായി. നഗരസഭയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനക്കുറവാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ടെണ്ടർ നടക്കുമ്പോഴാണ് ഈ റോഡ് ടാർ ചെയ്തത്. പൈപ്പിടലിനായി ടാറിംഗ് അല്പം വൈകിപ്പിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
''കൗൺസിലർ എന്ന നിലയിൽ റോഡുകളുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും നിറവേറ്റിയിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാറുമായി. മഴ മാറാതെ നിർമ്മാണം ആരംഭിക്കാനാകില്ല. മഴയത്ത് ടാർ ചെയ്താൽ വേഗത്തിൽ നശിക്കും. അത് വീണ്ടും ആരോപണമായി മാറും.''
ശാന്തിനി ശുഭദേവൻ
(കൗൺസിലർ, ഉദയമാർത്താണ്ഡപുരം)
മുണ്ടയ്ക്കലിൽ ദുരിതം വിതയ്ക്കുന്ന റോഡുകൾ
തുമ്പറ മാർക്കറ്റ് - മുണ്ടയ്ക്കൽ പാലം റോഡ്
സ്നേഹ ലോഡ്ജ് - തുമ്പറ മാർക്കറ്റ് റോഡ്
മിൾട്ടൺ പ്രസ് - ജോസ് ആർട്സ് റോഡ്
മുണ്ടയ്ക്കലേക്കുള്ള കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ്
ഡി.സി.സി ഓഫീസ് - ലയൺസ് ക്ലബ് റോഡ്