mundakkal
അലക്ക്കുഴി കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി മുണ്ടയ്‌ക്കലിൽ നിർമ്മാണം പൂർത്തിയാകുന്ന വീടുകൾ

 20 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 20 വീടുകൾ

 ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ എത്തിക്കാൻ ശ്രമം

കൊല്ലം: റെയിൽവേ സ്റ്റേഷന് മുന്നിലെ അലക്ക്കുഴി കോളനിവാസികൾക്കായി മുണ്ടയ്‌ക്കലിൽ നിർമ്മിക്കുന്ന വീടുകൾ അടുത്ത മാസം പൂർത്തിയാകും. വീടുകളുടെ കൈമാറ്റ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കാനാണ് നഗരസഭയുടെ ശ്രമം. കോളനിയിലെ 20 കുടുംബങ്ങളുടെ പുനരധിവാസത്തിനായി 20 വീടുകളാണ് പൂർത്തിയാകുന്നത്.

10.5 ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമ്മാണ ചെലവ്. ഇതിൽ നാല് ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ നിന്നുള്ള വിഹിതമാണ്. ശേഷിക്കുന്ന 6.5 ലക്ഷം രൂപ സർക്കാർ അനുമതിയോടെ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നെടുത്തു. സംസ്ഥാന കുടുംബശ്രീ മിഷനാണ് വീടുകളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. കുടുംബശ്രീ മിഷന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണ് വീടുകൾ നിർമ്മിക്കുന്നത്.

അലക്ക് ജോലികൾ ചെയ്‌ത് ഉപജീവനം കണ്ടെത്തുന്ന അലക്ക്കുഴി കോളനിവാസികളുടെ ജീവിതം വർഷങ്ങളായി ദുരിതത്തിലായിരുന്നു. നല്ലൊരു മഴ പെയ്‌താൽ മുങ്ങി പോകുന്നതാണ് ഇവരുടെ വീടും തൊഴിൽ സ്ഥലവും. പല മഴക്കാലത്തും ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുനരധിവസിപ്പിക്കേണ്ടി വന്നിട്ടുണ്ട്.

 അലക്ക്കുഴി കോളനി പാർക്കിംഗ് കേന്ദ്രമാകും

നഗരഹൃദയത്തിലെ അലക്ക്കുഴി കോളനി മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രമായി മാറും. കോളനിവാസികളെ പുനരധിവസിപ്പിച്ച ശേഷം പദ്ധതി നടത്തിപ്പിലേക്ക് നഗരസഭ കടക്കും. ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു. 84 സെന്റ് വിസ്‌തൃതി വരുന്ന പ്രദേശത്ത് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെയും നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ഇതോടെ നഗരത്തിലെ റോ‌ഡുകളിൽ പാർക്കിംഗ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാകുമെന്നാണ് പ്രതീക്ഷ.

 പുതിയ വീടുകൾക്കൊപ്പം തൊഴിൽ സൗകര്യങ്ങളും

അലക്ക്കുഴി കോളനിയിൽ നിന്ന് മുണ്ടയ്‌ക്കലേക്ക് കുടുംബങ്ങളെ പുനരധിവസിപ്പിക്കുമ്പോൾ അവരുടെ തൊഴിൽ സംരക്ഷിക്കാനും നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തുണി അലക്കുന്നതിന് ആവശ്യമായ അലക്ക് കല്ലുകൾ നിർമ്മിച്ച് നൽകുന്നതിനൊപ്പം വെള്ളത്തിന്റെ ലഭ്യതയും ഉറപ്പ് വരുത്തും. ആധുനിക സംവിധാനങ്ങളോട് കൂടിയ അലക്ക് കേന്ദ്രം നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതോടെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനൊപ്പം തൊഴിലിലും മുന്നേറ്റമുണ്ടാക്കാം.

..............................................................................

അടുത്ത മാസം ആദ്യ വാരത്തോടെ മുണ്ടയ്‌ക്കലെ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും. പുനരധിവസിപ്പിക്കുന്നവർക്ക് തൊഴിൽ

ചെയ്യാനുള്ള സൗകര്യങ്ങളും നൽകും.

എസ്. ഗീതാകുമാരി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്ഥിരം സമിതി

കൊല്ലം നഗരസഭ

.........................................

 20 വീടുകൾ, 20 കുടുംബങ്ങൾ

 ഒരു വീടിന്റെ നിർമ്മാണ ചിലവ് 10.5 ലക്ഷം രൂപ

 ലൈഫ് പദ്ധതിയിൽ നിന്ന് 4 ലക്ഷം രൂപ

 നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 6.5 ലക്ഷം രൂപ

 നിർമ്മാണ കരാർ സംസ്ഥാന കുടുംബശ്രീ മിഷന്