photo
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ.

യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷനിലെ ഓവർബ്രിഡ്ജ് ആരംഭിക്കുന്ന ഒന്നാം കവാടത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. ഒന്നാം കവാടം മുതൽ തെക്കോട്ട് പ്രധാന റോഡ് വരെ തെരുവ് വിളക്ക് ഇല്ലാത്തതിനാൽ യാത്രക്കാർ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ വന്നു പോകുന്ന യാത്രക്കാരാണ് ഹൈമാസ്റ്റ് ലൈറ്റില്ലാതെ ഇരുട്ടിൽ വലയുന്നത്. രണ്ടാം ഫ്ലാറ്റ് ഫോമിലേക്ക് യാത്രക്കാർ പോകുന്നതും വരുന്നതും ഒന്നാം കവാടത്തിലൂടെയാണ്. രാത്രിയിൽ ട്രെയിനുകൾ വരുന്ന സമയത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും റെയിൽവേ സ്റ്റേഷനിലെത്തുന്ന ഭൂരിപക്ഷം യാത്രക്കാരും ഉപയോഗിക്കുന്നതും ഒന്നാം കവാടത്തെയാണ്. രാത്രിയിൽ ഈ ഭാഗം പൂർണമായും കൂരിരുട്ടിലാണ്. രാത്രിയിൽ സ്റ്റേഷനിലേക്ക് വന്നുപോകുന്ന യാത്രക്കാർ ടോർച്ച് ലൈറ്റിന്റെയോ മൊബൈയിൽ ഫോൺ ലൈറ്റിന്റയോ പ്രകാശത്തിലാണ് യാത്ര ചെയ്യുന്നത്.

ഇഴജന്തുക്കളുടെ ശല്യം

റെയിൽവേ സ്റ്റേഷനും പരിസരവും പുൽക്കാട് പിടിച്ച് കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യമാണ് യാത്രക്കാരെ വലയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. രാത്രികാലങ്ങളിൽ പാമ്പുകളെ യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് തല്ലിക്കൊല്ലുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ മുതൽ തെക്കോട്ട് പ്രധാന റോഡുവരെയുള്ള പരിസരവും സമീപ പ്രദേശങ്ങളും ചെത്തി വൃത്തിയാക്കണമെന്ന യാത്രക്കാരുടെ ആവശ്യം റെയിൽവേ അധികൃതർ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

യാത്രക്കാരുടെ പ്രധാന ആവശ്യങ്ങൾ

ഒന്നാം കവാടത്തിൽ ഹൈമാസ്റ്റ് ലൈറ്ര് സ്ഥാപിക്കണം

അപ്രോച്ച് റോഡിലെ വിളക്കുകൾ പ്രകാശിപ്പിക്കണം

റെയിൽവേ സ്റ്റേഷൻ മുതൽ തെക്കോട്ട് പ്രധാന റോഡുവരെയുള്ള കാട് മൂടിക്കിടക്കുന്ന സ്ഥലം ചെത്തി വൃത്തിയാക്കണം