കൊല്ലം: മകന്റെ വേർപാടിൽ കണ്ണീരണിഞ്ഞ ഓർമ്മകളുമായി വൃദ്ധമാതാവ് ഞായറാഴ്ച മുൻമന്ത്രി എം.എ.ബേബിക്ക് മുന്നിലെത്തി. കൈവശം കരുതിയിരുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി, ഇടറുന്ന മനസ്സോടെ പറഞ്ഞു: 'ഇത് എന്റെ മകന്റെ അന്ത്യാഭിലാഷമാണ്. രോഗക്കിടക്കയിൽ വേദനകൊണ്ട് പുളഞ്ഞുമരിച്ച മകന് ആശ്വാസ ധനവുമായി എത്തിയ ഗ്രന്ഥശാലാപ്രവർത്തകർക്കുള്ള പാരിതോഷികം. ഇത് മറ്റുള്ളവർക്ക് ഉപകരിക്കട്ടെ'.
നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ 69-ാം വാർഷികാഘോഷവേദിയിലാണ് മുഖ്യാതിഥിയായെത്തിയ മുൻമന്ത്രിക്കുമുൻപിൽ നീരാവിൽ വെട്ടത്ത് കിഴക്കതിൽ പരേതനാ കെട്ടിടനിർമ്മാണ തൊഴിലാളി സുരേന്ദ്രന്റെ ഭാര്യയും കയർതൊഴിലാളിയുമായിരുന്ന സരസ്വതി ഒരു ലക്ഷം രൂപയുടെ സംഭാവന ചെക്കുമായി എത്തിയത്.
എട്ട് മക്കളിൽ അഞ്ചാമനായിരുന്നു സുനി. മസ്ക്കറ്റിൽ വർക്ക്ഷോപ്പ് ജീവനക്കാരനായിരിക്കെ അപകടത്തിൽപ്പെട്ടു. നാട്ടിലേക്ക് മടങ്ങിയെങ്കിലും രോഗക്കിടക്കയിലായ മകനെ ഇല്ലായ്മകൾക്ക് നടുവിലും ആ അമ്മ ആവത് ശുശ്രൂഷിച്ചു. പലരും ചെറിയ സഹായങ്ങൾ നൽകി. അതിൽ മനസ്സിൽ മായാതെ നിൽക്കുന്ന ആദ്യത്തെ വലിയ സഹായമായിരുന്നു നവോദയം ഗ്രന്ഥശാലാ പ്രവർത്തകർ നൽകിയത്. രോഗാതുരരായ പാവപ്പെട്ടവരെ സഹായിക്കാൻ രൂപവത്ക്കരിച്ച സാന്ത്വനം പദ്ധതിയിൽനിന്നുള്ള നല്ലൊരു വിഹിതമാണ് അവർ കൈമാറിയത്. ഇതിനിടെ ഇൻഷ്വറൻസ് പദ്ധതിപ്രകാരം മസ്ക്കറ്റിൽ നിന്നും നല്ലൊരു തുക സുനിക്ക് കിട്ടി. അവിവാഹിതനായ സുനി അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കുമായി അത് വീതിച്ച് നൽകി. അവരോട് ഒരു കാര്യം ഓർമ്മിപ്പിച്ചിരുന്നു. കഷ്ടകാലത്ത് കൈത്താങ്ങുമായെത്തിയ ഗ്രന്ഥശാലയിലേക്ക് ഒരു ലക്ഷം രൂപ നൽകണം. ഏറെനാൾ കഴിയുംമുമ്പേ സുനി മരണമടഞ്ഞു. മകന്റെ അന്ത്യാഭിലാഷം അനുസരിച്ചായിരുന്നു സരസ്വതിയും മക്കളും ഗ്രന്ഥശാലാ വാർഷിക ചടങ്ങിനെത്തി തുക ഗ്രന്ഥശാലാ ഭാരവാഹികളുടെ നിർദ്ദേശപ്രകാരം മുൻ മന്ത്രിക്ക് കൈമാറിയത്.
ജോലിസ്ഥലത്തെ അപകടത്തിനിരയായി രോഗക്കിടക്കയിലായ രണ്ടുപേർക്ക് ധനസഹായം നൽകികൊണ്ട് വർഷങ്ങൾക്ക് മുൻപ് മുൻമന്ത്രി എം.എ.ബേബിയായിരുന്നു ഗ്രന്ഥശാലയുടെ സാന്ത്വനം സഹായപദ്ധതി ഉദ്ഘാടനം ചെയ്തത്.
ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ജില്ലാ ലൈബ്രറി കൗൺസിലിന്റെ പ്രഥമപുത്തൂർ സോമരാജൻ പുരസ്കാര തുകയായ 10,000 രൂപ സ്ഥിരനിക്ഷേപമാക്കി ഗ്രന്ഥശാല ആരംഭിച്ച സഹായപദ്ധതിയാണിത്. പ്രിയപ്പെട്ടവരുടെ സ്മരണാർത്ഥമുള്ള ചെറു തുകകൾ സ്വീകരിച്ച് ഇപ്പോൾ പദ്ധതിയിൽ അഞ്ച് ലക്ഷത്തിലേറെ രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ഇതിൽനിന്നുള്ള പലിശ തുകയാണ് പാവപ്പെട്ട രോഗാതുരർക്കായി വസതികളിൽ എത്തി വിതരണം ചെയ്യുന്നത്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മികച്ച സാന്ത്വനം പദ്ധതിക്കുള്ള 10,000 രൂപക്യാഷ് അവാർഡും പദ്ധതിപ്രകാരം ഗ്രന്ഥശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.