കൊല്ലം: കാക്കനാടന്റെ എഴുത്തുപുരകളിലെ വെളിച്ചമായിരുന്ന ഭാര്യ അമ്മിണി കാക്കനാടന് അക്ഷര ലോകം വിടയേകി. മരണ വിവരമറിഞ്ഞ് ഞായറാഴ്‌ച രാത്രി മുതൽ മാടൻനടയിലെ അർച്ചനയിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തിയത്. പുസ്‌തകങ്ങളിലൂടെ മാത്രം കാക്കനാടനെ അറിഞ്ഞവർ, എന്റെ ബേബിച്ചായൻ എന്ന അമ്മിണി കാക്കനാടന്റെ പുസ്‌തകം വായിച്ചവർ, കാക്കനാടനൊപ്പം ചർച്ചകളിൽ പങ്കാളികളായി അമ്മിണിയുടെ ആതിഥ്യം അറിഞ്ഞവർ, സാധാരണ ജനങ്ങൾ, പൊതു പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അക്കൂട്ടത്തിലുണ്ടായിരുന്നു.
ഇന്നലെ സന്ധ്യയോടെ പോളയത്തോട് മാർത്തോമ പള്ളി സെമിത്തേരിയിൽ കൊല്ലത്തിന്റെ സാംസ്‌കാരിക സമൂഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. എം.എൽ.എമാരായ മുല്ലക്കര രത്നാകരൻ, എം.നൗഷാദ്, ആർ.രാമചന്ദ്രൻ, ഭക്ഷ്യ കമ്മിഷണറും എഴുത്തുകാരനുമായ കെ.വി.മോഹൻകുമാർ, ജില്ലാ കളക്ടർ എസ്.അബ്ദുൽ നാസർ, കവി കുരീപ്പുഴ ശ്രീകുമാർ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കവി ചവറ കെ.എസ്.പിള്ള, സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ, ബാബു കുഴിമറ്റം, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, വിനു എബ്രഹാം തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.