കൊല്ലം: ആശ്രാമം മൈതാനത്തും പരിസരത്തുമുള്ള അനധികൃത കൈയേറ്റങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഒഴിപ്പിച്ചു. മൈതാനത്തിനുള്ളിലെ ക്രിക്കറ്റ് പരിശീലന നെറ്റിന് സമീപം സ്വകാര്യ വ്യക്തികൾ നിർമ്മിച്ച താത്കാലിക ഇരിപ്പിടങ്ങളും തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. പരിശീലനത്തിനുള്ള താത്കാലിക സംവിധാനവും നീക്കം ചെയ്യാൻ നിർദ്ദേശിച്ചു.
നാല് പെട്ടിക്കടകളും ടെന്റുകളും പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചു. ഗ്രാമീണ, കാർഷിക, കൈത്തറി വിപണനമേളയുടെ ഭാഗമായി അധിക സ്ഥലം കൈയേറിയ കച്ചവടക്കാരെയും ഒഴിപ്പിച്ചു. തെക്കുപടിഞ്ഞാറ് മൂലയിൽ സ്വകാര്യ സ്ഥാപനം സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. കിഴക്ക് ഭാഗത്തുള്ള ചായക്കടകളും മൊബൈൽ വർക്ക് ഷോപ്പുകളും ഇവിടെ നിന്ന് മാറ്റാനും നടപടിയായി. കിഴക്കേ അതിർത്തിയിൽ കണ്ടെത്തിയ വാഹന ഗ്ലാസുകൾ, അപ്ഹോൾസ്റ്ററികൾ തുടങ്ങിയവ ഹരിത കർമസേന മുഖേന നീക്കം ചെയ്യാൻ കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അനധികൃതമായി പാർക്ക് ചെയ്തിരുന്ന കണ്ടെയ്‌നർ ലോറികൾ ഇവിടെ നിന്ന് മാറ്റി. മൈതാനത്ത് അനധികൃത വാഹന പാർക്കിംഗ് അനുവദിക്കില്ലെന്നും പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥിരമായി ഇടുന്ന വലിയ വാഹനങ്ങൾക്ക് തറപ്പാട്ടം നിശ്ചയിച്ചു. ഇവിടത്തെ അനധികൃത ഓട്ടോസ്റ്റാൻഡ് ഒഴിപ്പിക്കുകയും സമീപത്തെ പെട്ടിക്കടകൾ മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തു.
നിയമപരമല്ലാത്ത സ്ഥിരം നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കുട്ടികളുടെ ക്രിക്കറ്റ് പരിശീലന കേന്ദ്രം തുടർന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നേടണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. തഹസീൽദാർമാരായ ജാസ്മിൻ ജോർജ്, ബി.പി അനി, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും നടപടി തുടരും.