roa
പുനലൂർ ടൗണിലെ പോസ്റ്റ് ഓഫീസ് കവലയിൽ ഇരു ചക്രവാഹന യാത്രക്കാരിയെ വലയം ചെയ്തിരിക്കുന്ന തെരുവ് നായ്ക്കൾ

പുനലൂർ: പുനലൂർ പട്ടണത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചത് കാൽനട യാത്രക്കാർക്കും ഇരു ചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. പുനലൂർ ടി.ബി ജംഗ്ഷൻ മുതൽ ചെമ്മന്തൂർ വരെയുളള പാതയിലാണ് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചത്. റോഡിന്റെ മദ്ധ്യഭാഗത്ത് കൂട്ടത്തോടെ ഇറങ്ങി നിൽക്കുന്ന നായ്ക്കൾ വാഹനങ്ങൾ കടന്ന് വന്നാൽ പോലും മാറാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷം ടൗണിലൂടെ നടന്ന് പോയ 12 യാത്രക്കാരെ തെരുവ് നായ്ക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. സമീപത്തെ ശ്രീരാമപുരം മാർക്കറ്റിനുള്ളിൽ ക്യാമ്പ് ചെയ്യുന്ന നായ്ക്കൾ കൂട്ടത്തോടെയാണ് രാത്രിയിലും പകലും ടൗണിലെത്തുന്നത്.

പേടിച്ച് സ്കൂൾ വിദ്യാർ‌ത്ഥികൾ

ടൗണിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് തെരുവ് നായ്ക്കളുടെ ശല്യത്തിൽ ഏറെ വലയുന്നത്. പത്ത് മാസം മുമ്പ് സ്കൂളിന് മുന്നിലെ റോഡിലൂടെ നടക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. സ്കൂളിന് സമീപത്തെ പോസ്റ്റ് ഓഫീസ് കലവലയിലാണ് ഏറ്റും കൂടുതൽ നായ്ക്കൾ ക്യാമ്പ് ചെയ്യുന്നത്.

നടപടിയില്ലെന്ന് ആക്ഷേപം

നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പുനലൂർ പട്ടണത്തിന് പുറമേ സമീപത്തെ തെന്മല, കരവാളൂർ, വിളക്കുടി, പിറവന്തൂർ പഞ്ചായത്തുകളിലും തെരുവ് നായ്ക്കളെക്കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ടൗണിൽ 30 ഓളം കാൽനട യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ വച്ച് തെരുവ് നായ്ക്കൽ അക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇതിൽ അധികമാളുകളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയാണ് ചികിത്സ തേടിയത്.