c
വിദ്യാചന്ദ്രൻ

കൊല്ലം: ദുബായിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച കൊല്ലം തിരുമുല്ലവാരം പുന്നത്തല 'അനുഗ്രഹ' യിൽ ചന്ദ്രശേഖരൻ നായരുടെ മകൾ വിദ്യാചന്ദ്രന്റെ (40) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയായി. ഇന്നോ നാളെയോ മൃതദേഹം കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. ഈമാസം 9നാണ് വിദ്യയെ ഭർത്താവ് യുഗേഷ് കുത്തിക്കൊലപ്പെടുത്തിയത്. ദുബായ് അൽഖൂസിൽ വിദ്യ ജോലിചെയ്യുന്ന കമ്പനി വക പാർക്കിംഗ് സ്ഥലത്തുവച്ചായിരുന്നു സംഭവം. 16 വർഷം മുമ്പ് വിവാഹിതരായ വിദ്യയും ഭർത്താവ് യുഗേഷും തമ്മിൽ വളരെക്കാലമായി സ്വരച്ചേർച്ചയിലല്ല. ഒരുമിച്ച് താമസിക്കാൻ കഴിയാത്തതിനാൽ വിദ്യ കൊല്ലത്തെ കുടുംബ വീട്ടിലേക്ക് താമസം മാറി. ഒരുവർഷം മുമ്പാണ് വിദ്യ ജോലിതേടി അൽഖൂസിലെത്തിയത്. ഇവിടെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു ജോലി. 9ന് വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തിയ യുഗേഷ് പുറത്തേക്ക് വിളിച്ചുകൊണ്ടു പോയാണ് കൊലപ്പെടുത്തിയത്. ദുബായ് പൊലീസ് യുഗേഷിനെ പിന്തുടർന്ന് പിടികൂടി. കൊലപാതകമായതിനാലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സങ്കീർണമായത്. ദുബായിലുള്ള വിദ്യയുടെ ബന്ധുക്കൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് ഇന്നലെ നടപടികൾ പൂർത്തിയാക്കിയത്.

വിദ്യയുടെ മൂത്ത മകൾ കൊല്ലത്ത് പ്ളസ് വണ്ണിനും ഇളയ മകൾ ഒന്നാം ക്ളാസിലും പഠിക്കുകയാണ്. വിദ്യയുടെ മാതാപിതാക്കൾക്കൊപ്പമാണിപ്പോൾ കുട്ടികൾ. സഹോദരൻ: വിനയൻ