പത്തനാപുരം: ഓണവിപണിയുടെ ആരവങ്ങൾ അവസാനിച്ചതോടെ പത്തനാപുരം മാർക്കറ്റ് മാലിന്യ കൂമ്പാരമായി. നഗരഹൃദയത്തിലുള്ള മാർക്കറ്റിലാണ് പച്ചക്കറി മാലിന്യങ്ങൾ അടക്കം കുന്നുകൂടിയിരിക്കുന്നത്. മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ പാളിയതാണ് സ്ഥിതി ഏറെ സങ്കീർണമാക്കിയത്. നിലവിൽ ആഴ്ചകൾ പഴക്കമുള്ള അവശിഷ്ടങ്ങളാണ് കുമിഞ്ഞുകൂടി ദുർഗന്ധം പരത്തുന്നത്. ഇതോടെ മാർക്കറ്റിനുള്ള കടക്കണമെങ്കിൽ മൂക്കുപൊത്തേണ്ട ഗതികേടിലായി വ്യാപാരികളും ജനങ്ങളും.
പൊളിച്ചുമാറ്റിയ പഴയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഭാഗത്തേക്കും മാലിന്യം വ്യാപിച്ചിട്ടുണ്ട്. മത്സ്യ, മാംസാവശിഷ്ടങ്ങളും കുന്നുകൂടി പുഴുവരിച്ച നിലയിലായതോടെ പകർച്ചവ്യാധി ഭീഷണിയും വർദ്ധിച്ചു. മാർക്കറ്റിനുള്ളിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച രണ്ട് മാലിന്യ സംസ്കരണ പ്ലാന്റുകൾ പുതിയ ഷോപ്പിഗ് കോംപ്ലക്സ് നിർമ്മാണത്തിന്റെ പേരിൽ പൊളിച്ചുനീക്കിയിരുന്നു. ഇതും മാലിന്യം കുന്നുകൂടുന്നതിന് ഒരു കാരണമാണ്. ദുർഗന്ധം ടൗണിലേക്കും വ്യാപിച്ചതോടെ ഇതുവഴി യാത്ര ചെയ്യുന്നതിനും ജനങ്ങൾ ബുദ്ധിമുട്ട് നേരിടുകയാണ്.
പ്രഖ്യാപനങ്ങൾ പാഴ്വാക്കായി....
മാലിന്യ സംസ്കരണത്തിന് ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതും സംസ്കരണത്തിനായി പ്രത്യേക സ്ഥലം കണ്ടെത്താൻ കഴിയാത്തതുമാണ് തടസമായത്.
എസ്.എഫ്.സി.കെയുടെ പറങ്കിമാംതോട്ടത്തിലും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള
നീലിക്കോണത്തെ വസ്തുവിലും മാലിന്യം നിക്ഷേപിക്കാൻ ശ്രമം നടന്നിരുന്നു. ഇതും പാഴായി. പല തവണ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ അവലോകന യോഗങ്ങൾ നടന്നെങ്കിലും അതും പ്രയോജനം ചെയ്തില്ല.
പ്ളാന്റുകൾ പ്രവർത്തനരഹിതം
മാർക്കറ്റിനുള്ളിൽ വൈദ്യുതി ഉത്പാദനത്തിനായി ബയോഗ്യാസ് പ്ലാന്റും ജൈവവള നിർമ്മാണത്തിനായി എയ്റോബിക് പ്ലാന്റും സ്ഥാപിച്ചിരുന്നു. ഇവയുടെ പ്രവർത്തനവും ഫലപ്രദമല്ല. മാർക്കറ്റിലെ വ്യാപാരികൾ അതാത് വ്യാപാരശാലകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും നിർദേശം നൽകിയെങ്കിലും അതും പ്രായോഗികമായില്ല. മാലിന്യനീക്കത്തിനായി മാത്രം പ്രതിമാസം നാൽപ്പതിനായിരം രൂപയാണ് പത്തനാപുരം പഞ്ചായത്ത് ചെലവഴിക്കുന്നത്.
...............................................................................
പത്തനാപുരത്തെ പൊതുവായ പ്രശ്നമാണ് മാലിന്യ സംസ്കരണം. രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ളതിനാൽ അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണം
ബിജു ഡിക്രൂസ്.പൊതു പ്രവർത്തകൻ
...........................................................................................
വർഷങ്ങളായുള്ള മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം. മാലിന്യ നിക്ഷേപത്തിന് പ്രത്യേക സ്ഥലം കണ്ടെത്തണം.
അഡ്വ. സാജു ഖാൻ (പൊതുപ്രവർത്തകൻ).