pathanapuram
പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ഗുരുവന്ദന സംഗമം ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: പരസ്പരം സംവദിക്കാൻ അനുവദിക്കാത്ത ഇടുങ്ങിയ ചിന്താഗതിയുള്ള പൗരോഹിത്യവും പാണ്ഡിത്യവും സമൂഹത്തിനു ഭൂഷണമല്ലെന്ന് ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ പറഞ്ഞു. ഗാന്ധിഭവനിൽ നടന്ന ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം ചിരിക്കാൻ പാടില്ല എന്നു പറയുന്ന പണ്ഡിതന്മാരെന്നു നടിക്കുന്നവരും മറ്റുള്ളവരുടെ വീട്ടിലേക്ക് സൗഹൃദം പങ്കുവെച്ചും സൗഹൃദം തേടിയും ആരും പോകരുതെന്നു പറയുന്നവരും നാടിന് ഭൂഷണമല്ല. എല്ലാ മതങ്ങളും പറയുന്നത് ഹൃദയം തുറന്നു വയ്ക്കാനാണ്. മറ്റുള്ളവരെ മനസിലാക്കാനും അവരുടെ വേദനയും കഷ്ടപ്പാടും മനസിലാക്കാനും അവനെ സഹായിക്കുവാനുമാണ് എല്ലാ മതങ്ങളും പറയുന്നത്. അന്യന്റെ വേദനയും സങ്കടവും കഷ്ടപ്പാടുമെല്ലാം തന്റേതുകൂടിയാണെന്നു പറയുന്ന മതങ്ങൾ മനുഷ്യനെ സ്‌നേഹിക്കാനാണ് പഠിപ്പിച്ചത്. ആ സ്‌നേഹമാണ് മനുഷ്യൻ മതിൽ കെട്ടി ഇല്ലാതാക്കുന്നത്. സ്‌നേഹരാഹിത്യമാണ് മാതാപിതാക്കളെ ഉപേക്ഷിക്കാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വേണുഗോപാൽ, ഗാന്ധിഭവൻ സി.ഇ.ഒ എച്ച്.സലീംരാജ്, വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, പി.എസ്.എം. ബഷീർ എന്നിവർ പ്രസംഗിച്ചു.