തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.ഐയിലെ ആർ. രോഹിണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐയിലെ ബിന്ദുദേവി അമ്മ രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സി.പി.ഐ തൊടിയൂർ . കല്ലേലിഭാഗം ലോക്കൽ കമ്മിറ്റികൾ തമ്മിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ബിന്ദുദേവിഅമ്മ രാജി സമർപ്പിച്ചത്. ഇന്നലെ രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പിന് സഹ. സംഘം അസി. രജിസ്ട്രാർ (ജനറൽ ) സന്തോഷ് മേൽനോട്ടം വഹിച്ചു. സി.പി.എം അംഗം കെ. സുരേഷ് കുമാർ ആർ. രോഹിണിയുടെ പേര് നിർദ്ദേശിക്കുകയും സി.പി.ഐയിലെ ബിന്ദു രാമചന്ദ്രൻ പിന്താങ്ങുകയും ചെയ്തു. ഒരു സ്വതന്ത്രൻ ഉൾപ്പടെ എട്ട് അംഗങ്ങളുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി ആർ. രോഹിണി സ്ഥാനം ഏറ്റു. പഞ്ചായത്ത് ഇരുപതാം വാർഡിന്റെ പ്രതിനിധിയാണ് രോഹിണി. 23 അംഗ പഞ്ചായത്ത് സമിതിയിൽ 8 സി.പി.എം, 5 സി.പി.ഐ , 8കോൺഗ്രസ് എന്നിങ്ങനെയാണ് കക്ഷിനില. തിരഞ്ഞെടുപ്പിനു ശേഷം നടന്ന അനുമോദന യോഗത്തിൽ പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, കെ. ശശിധരൻ പിള്ള , ടി. രാജീവ്, അനിൽ എസ്. ല്ലേലിഭാഗം, ജയചന്ദ്രൻ തൊടിയൂർ, ജെ. അജയൻ, എസ്. മോഹനൻ, കെ.ആർ. സജീവ്, എസ്. രമണിക്കുട്ടിഅമ്മ, ടി. സൈനുദ്ദീൻകുഞ്ഞ്, എസ്. സുനിൽകുമാർ, കെ. സുരേഷ് കുമാർ, നാസർ പാട്ടക്കണ്ടത്തിൽ, ബി. പത്മകുമാരി, ബിന്ദു ദേവിയമ്മ, എൽ. ഗംഗുമാർ, രാജേഷ് എന്നിവർ സംസാരിച്ചു. ആർ. രോഹിണി മറുപടി പ്രസംഗം നടത്തി.