ദുർമന്ത്രവാദികളെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ചുട്ട കോഴിയെ പറപ്പിക്കൽ, മുട്ടയിലെ കൂടോത്രം... അങ്ങനെ പലതും. എന്നാൽ, കേരളത്തിന്റെ പുറത്തേയ്ക്ക് ഒന്നു പോയാൽ കാര്യങ്ങൾ ഒരുപടി മുകളിലാണ്. ശത്രുക്കളെ ഇല്ലാതാക്കാനും ഇഷ്ടകാര്യങ്ങൾ നടക്കാനും ഒക്കെയായി ദുർമന്ത്രവാദത്തെ കൂട്ടുപിടിക്കുന്നവർ അത്രയധികമുണ്ട്. എന്നാൽ, ഈ ദുർമന്ത്രവാദത്തിന് മാത്രമായി ഒരു നാടുള്ള കഥയറിയുമോ?
ഒരു ഗ്രാമം നിറയെ ദുർമന്ത്രവാദികളും ആഭിചാരങ്ങളും നടക്കുന്ന ഒരിടം. ഇന്ത്യയിൽ ആഭിചാര ക്രിയകളുടെയും ദുരാചാരങ്ങളുടെയും നാട് എന്നറിയപ്പെടുന്ന ഇടമാണ് ആസാമിലെ മയോങ്. മായ എന്ന വാക്കിൽ നിന്നുമാണ് ഈ സ്ഥലത്തിന് മയോങ് എന്ന പേര് ലഭിച്ചത്.
മയോങ് ഗ്രാമക്കാരുടെ ജീവിതം മുഴുവൻ ഒരു മന്ത്രവാദമയമാണ് എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം എല്ലാത്തിനും എപ്പോഴും മന്ത്രവാദത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഇവർ. ഒരു രോഗം വന്നാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടതിനു പകരം മന്ത്രവാദം വഴി അസുഖം ഇല്ലാതാക്കാനാണ് ഇവർ ശ്രമിക്കുന്നത്. നടുവിന് വേദന വന്നാൽ പുറത്ത് ചെമ്പുപാത്രംവച്ച് മന്ത്രം ചൊല്ലി വേദന കളയുന്ന വിദ്യയും ഇവർക്കുണ്ട്. ദുഷ്ടശക്തികളെ കൂട്ടുപിടിച്ച് നടത്തുന്ന ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് മയോങ് പൊബിതോര എന്നറിയപ്പെടുന്നത്.
മന്ത്രവാദത്തിൽ കൂടുതൽ ശക്തി നേടിയെടുക്കുക, ഈ മേഖലയിൽ കൂടുതൽ പ്രശസ്തരാവുക തുടങ്ങിയവയാണ് ഈ ഉത്സവത്തിലൂടെ അവർ ലക്ഷ്യമിടുന്നത്. മയോങ്ങിന്റെ ചരിത്രം തേടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മയോങ് സെൻട്രൽ മ്യൂസിയം. ദുർമന്ത്രവാദത്തിന്റെ സ്മാരകം എന്ന നിലയിലാണ് ഇത് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
എല്ലിൻകഷ്‌ണങ്ങളും തലയോട്ടികളും അസ്ഥികൂടവും മന്ത്രവാദത്തിനുപയോഗിക്കുന്ന സാമഗ്രികളും ഒക്കെ ഇവിടെ പ്രദർശനത്തിന് വച്ചിട്ടുണ്ട്. ആളുകളെ അപ്രത്യക്ഷരാക്കാനും ആടിനെ പട്ടിയാക്കാനും പൂച്ചയാക്കാനും വരെ മന്ത്രവാദം കൊണ്ട് കഴിയുമെന്നാണ് ഇവരുടെ വിശ്വാസം.