കൊല്ലം: ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 63-ാമത് കൊല്ലം ജില്ലാ അത്‌ലറ്റിക്ക് മീറ്റ് 20 മുതൽ 22വരെ കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജേതാക്കൾക്ക് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സമ്മാനിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അംഗീകൃത ക്ലബുകളെയും പ്രതിനിധീകരിച്ച് മൂവായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും. വിവിധ പ്രായപരിധിയിൽ പുരുഷ - വനിത വിഭാഗങ്ങളിൽ 150 ഓളം ഇനങ്ങളിലാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡുകളും കേരളത്തിലെ ആദ്യ അത്‌ലറ്റിക്ക് കോച്ച് ജി.തോമസ് മെമ്മോറിയൽ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും. അന്തർദ്ദേശീയ താരങ്ങളായ ജിൽന, സുഗിന, ഒ.പി.സയന എന്നിവരും മേളയിൽ പങ്കെടുക്കും.
20ന് രാവിലെ 9ന് നടക്കുന്ന യോഗത്തിൽ എം.നൗഷാദ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ഡോ. ജോൺ ഡാനിയേൽ മുഖ്യാതിഥിയാകും. 22ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് സമ്മാനദാനം നിർവഹിക്കും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ദേവരാജൻ, സെക്രട്ടറി എം.എഡ്വേർഡ്, കെ.പി.സുധീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.