രണ്ട് മാസം മുമ്പ് പൈപ്പ് സ്ഥാപിച്ചെങ്കിലും ഭൂരിപക്ഷം കുടുംബങ്ങൾക്കും വെള്ളമില്ല
കൊല്ലം: വീട്ടുമുറ്റത്ത് പൈപ്പുകൾ സ്ഥാപിച്ച് ഉളിയക്കോവിലിലെ പട്ടികജാതി കുടുംബങ്ങൾ കുടിവെള്ളത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. കുടിവെള്ളം നൽകിയില്ലെങ്കിലും ഓണസമ്മാനമായി മിക്ക കുടുംബങ്ങൾക്കും വെള്ളക്കരമടയ്‌ക്കാൻ വാട്ടർ അതോറിറ്റി നോട്ടീസ് നൽകി.
ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ലെങ്കിലും 130 രൂപയിലേറെയാണ് മിക്കവർക്കും ലഭിച്ച ബില്ലിലെ തുക. കുടിവെള്ളം കൊടുക്കാതെ പട്ടികജാതി കുടുംബങ്ങളിൽ നിന്ന് പണം ഈടാക്കാൻ ശ്രമിച്ചതിനെ സാങ്കേതിക പിഴവെന്ന തൊടുന്യായം നിരത്തിയാണ് അധികൃതർ നിസാരവൽക്കരിക്കുന്നത്.
ഉളിയക്കോവിലിലെ ആറ് പട്ടികജാതി കോളനികളിലെ എൺപതോളം വീടുകളിലാണ് നഗരസഭ പൈപ്പുകൾ സ്ഥാപിച്ചത്. ഇവരിൽ ചില കുടുംബങ്ങൾക്ക് മാത്രമാണ് പൈപ്പുകളിലൂടെ കുടിവെള്ളം ലഭിച്ചത്. നഗരസഭയുടെ പൊതുപൈപ്പുകളെ ആശ്രയിച്ചാണ് മറ്റുള്ളവരുടെ നിത്യജീവിതം മുന്നോട്ട് പോകുന്നത്. നിന്നുതിരിയാൻ ഇടമില്ലാത്ത ചെറിയ വീടുകൾക്കുള്ളിൽ അതിജീവനത്തിനായി പാടുപെടുന്നവർക്ക് ഇതിനെതിരെ എവിടെ പരാതി പറയണമെന്ന് പോലും ധാരണയില്ല.
പൈപ്പുകൾക്കൊപ്പം സ്ഥാപിച്ച മീറ്റർ നോക്കിയാണ് ഉദ്യോഗസ്ഥർ ബില്ലിൽ തുക രേഖപ്പെടുത്തി കൊടുത്തത്. ഇതുവരെ തങ്ങൾക്ക് വെള്ളം ലഭിച്ചിട്ടില്ലെന്ന ഇവരുടെ പരാതി പരിഗണിച്ചതുമില്ല.
ഉളിയക്കോവിലിലെ കോളനികൾ
1- കേളേത്ത് കോളനി . പൈപ്പുകൾ സ്ഥാപിച്ചു (വെള്ളമെത്തിയില്ല)
2- ചീരാഞ്ചേരി കോളനി - പൈപ്പുകൾ സ്ഥാപിച്ചു (വെള്ളമെത്തിയില്ല)
6- എം.ജി കോളനി - പൈപ്പുകൾ സ്ഥാപിച്ചു (വെള്ളമെത്തിയില്ല)
3- ആലയിൽ കോളനി - പൈപ്പുകൾ സ്ഥാപിച്ചു (കുറച്ച് വീടുകളിൽ വെള്ളമെത്തി)
4- ആലയിൽ വടക്ക് - പൈപ്പുകൾ സ്ഥാപിച്ചു (കുറച്ച് വീടുകളിൽ വെള്ളമെത്തി)
5- കുറുവേലി കോളനി - പൈപ്പുകൾ സ്ഥാപിച്ചു (കുറച്ച് വീടുകളിൽ വെള്ളമെത്തി)
7- ശ്രീരംഗത്ത് കോളനി - പൈപ്പുകൾ സ്ഥാപിച്ചു (കുറച്ച് വീടുകളിൽ വെള്ളമെത്തി)
...............................
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വെള്ളമെത്തിക്കും.
പരമാവധി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കോളനികളിലെ വീടുകളിലെല്ലാം വെള്ളമെത്തിക്കും. ദിവസങ്ങൾക്കുള്ളിൽ തന്നെ വിഷയം പരിഹരിക്കാനാണ് ശ്രമം. വാട്ടർ അതോറിറ്റി വെള്ളക്കരം അടയ്ക്കാൻ രസീത് നൽകിയ സംഭവം പരിഹരിച്ചിട്ടുണ്ട്. നഗരസഭ ഇടപെട്ടാണ് കുടുംബങ്ങൾക്കെല്ലം കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചത് നൽകിയത്.
ചിന്ത എൽ. സജിത്ത്
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ,
ഉളിയക്കോവിൽ ഡിവിഷൻ കൗൺസിലർ
പൈപ്പ് സ്ഥാപിച്ചിട്ട് രണ്ട് മാസത്തോളമായി. ഇതുവരെ വെള്ളം ലഭിച്ചിട്ടില്ല. രൂപ അടയ്ക്കണമെന്ന ബില്ല് കുറച്ച് ദിവസം മുമ്പ് ലഭിച്ചു
രമണൻ, കേളേത്ത് കോളനിയിലെ അന്തേവാസി.
.............................................
കോൺഗ്രസ് പ്രതിഷേധിച്ചു
പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാതെ വെള്ളക്കരം അടയ്ക്കാൻ രസീത് നൽകിയതിൽ കോൺഗ്രസ് ആശ്രാമം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പൈപ്പ് സ്ഥാപിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും വെള്ളമെത്തിക്കാത്തത് നീതി നിഷേധമാണ്. ഉടനടി വെള്ളം നൽകണമെന്നും വെള്ളക്കരത്തിന്റെ രസീത് നൽകിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മോഹൻ ബോസ് അദ്ധ്യക്ഷത വഹിച്ചു.