ii

കൊല്ലം: ജില്ലയിലെ മത്സ്യബന്ധന മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ കുഫോസിന്റെ (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്)കൊല്ലം ഓഫ് കാമ്പസ് വൈകാതെ കുണ്ടറയിൽ ആരംഭിക്കും. ഓഫ് കാമ്പസിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി. സ്വന്തമായി സ്ഥലം ഉടൻ ലഭിച്ചില്ലെങ്കിൽ താൽക്കാലികമായി എവിടെയെങ്കിലും ആരംഭിക്കാനാണ് ആലോചന.

ആദ്യം കുണ്ടറ ടെക്നോപാർക്കിനോട് ചേർന്നുള്ള സ്ഥലമാണ് പരിഗണിച്ചിരുന്നത്. ഇവിടം പ്രത്യേക സാമ്പത്തിക മേഖലയായതിനാൽ ഏറ്റെടുക്കൽ അസാധ്യമായി. ഇപ്പോൾ കുണ്ടറ അലിൻഡിൽ നിന്നും അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുമായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഒരാഴ്ച മുൻപ് നടത്തിയ ചർച്ചയിൽ അലിൻഡ് വളപ്പിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ കളക്ടറെ ചുമതലപ്പെടുത്തി. ഏകദേശം 66 ഏക്കർ ഭൂമിയാണ് അലിൻഡിനുള്ളത്. പകുതിയിലേറെ സ്ഥലം ഒഴിഞ്ഞുകിടക്കുകയാണ്. ഏറ്രെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ വൈകുമെന്നതിനാലാണ് താൽക്കാലിമായി എവിടെയെങ്കിലും ആരംഭിക്കുന്നത്.

ഓഫ് കാമ്പസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഏകദേശം 10 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടമായി ഒരു കോടി 2017-18ലെ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.

 ഓഫ് കാമ്പസ്

റിസർച്ച് സെന്റർ, ഹോസ്റ്റൽ, ക്ലാസ് മുറികൾ, സെമിനാർ ഹാളുകൾ, പൈലറ്റ് പ്ലാന്റ്, ലബോറട്ടറി

 ലക്ഷ്യം മത്സ്യബന്ധന രംഗത്ത് മുന്നേറ്റം

സംസ്ഥാനത്തെ മത്സ്യലഭ്യതയുടെ മൂന്നിലൊന്ന് കൊല്ലത്ത്. 25000 മത്സ്യത്തൊഴിലാളികൾ ജില്ലയിൽ.

26 മത്സ്യഗ്രാമങ്ങൾ ജില്ലയിൽ

ദൗത്യം

മത്സ്യബന്ധന മേഖലയിലെ വികാസവുമായി ബന്ധപ്പെട്ട് കുഫോസിന്റെ ബിരുദ, ബിരുദാനന്തര ഗവേഷണ കോഴ്സുകൾ.

മത്സ്യത്തൊഴിലാളികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം.

ആധുനിക മത്സ്യവളർത്തൽ രീതികൾ, മൂല്യവർദ്ധിത ഉല്പപന്നങ്ങളുടെയും വളം അടക്കമുള്ള ഉപോല്പന്നങ്ങളുടെയും നിർമ്മാണം.

ഇടനിലക്കാരെ ഒഴിവാക്കി മത്സ്യം നേരിട്ട് വിപണിയിലെത്തിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.

'' ഓഫ് കാമ്പസ് ജില്ലയിലെ മത്സ്യബന്ധന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. മത്സ്യത്തൊഴിലാളികളുടെ വരുമാനവും ജീവിത നിലവാരവും സ്വാഭാവികമായും ഉയരും.''

കെ.ജെ. പ്രസന്നകുമാർ

(കുഫോസ് കൊല്ലം ഓഫ് കാമ്പസ് സ്പെഷ്യൽ ഓഫീസർ )