kulakkada
കുളക്കട ആയുർവേദ ഡിസ്പെൻസറി

കൊട്ടാരക്കര: എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും കുളക്കട ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ മാത്രം ഇനിയും അകലെ. കുളക്കട, പൂവറ്റൂർ, ഏനാത്ത് പ്രദേശങ്ങളിലുള്ളവരുടെ ഏക ആശ്രയമായ ആതുരാലയത്തിനോടാണ് ഈ അവഗണന തുടരുന്നത്. 2011ലാണ് ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചത്. 53 ലക്ഷം രൂപ ചെലവിലാണ് ദേശീയപാതയ്ക്ക് സമീപം കുളക്കടയിൽ ആശുപത്രി നിർമ്മിച്ചത്.

ഇവിടെ കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ സജ്ജീകരിക്കുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രഖ്യാപനം. എന്നാൽ ഇത് പാ‌ഴ്‌വാക്കായി. പ്രതിദിനം 150ഓളം രോഗികളാണ് ഇവിടെ എത്തുന്നത്. ദേശീയപാതയുടെ സമീപമായതിനാൽ അടൂർ, കടമ്പനാട് ,കൊട്ടാരക്കര, പട്ടാഴി പ്രദേശങ്ങളിൽ നിന്നു പോലും രോഗികൾ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. എന്നാൽ ഇതിന് അനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണും ആശുപത്രിയിൽ ഇല്ല. നിലവിൽ ഒരു ഡോക്ടറും ഒരു നേഴ്സും ഉൾപ്പെടെ നാലു ജീവനക്കാരാണുള്ളത്. കിടത്തി ചികിത്സ ആരംഭിക്കുമ്പോൾ രണ്ടു ഡോക്ടറും രണ്ട് നേഴ്സുമാരും ഉൾപ്പെടെ പതിനൊന്ന് സ്റ്റാഫുകളെ നിയമിക്കണം. അടിയന്തരമായി ഇതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇരുപത് കിടക്കളോടുകൂടി കിടത്തി ചികിത്സാവിഭാഗം ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നുള്ള പി.ഐഷാപോറ്റി എം.എൽ.എയുടെ ഉറപ്പിൽ പ്രതീക്ഷവച്ച് കാത്തിരിക്കുകയാണിവർ.

ആരംഭിച്ചത്: 2011ൽ

ചെലവ്: 53 ലക്ഷം രൂപ

ജീവനക്കാർ: 4

വേണ്ടത്: 11പേർ