മനുഷ്യ കടത്തിനുള്ള സാദ്ധ്യതയില്ലെങ്കിലും എല്ലാ വഴികളും അന്വേഷിക്കുന്നു
കൊല്ലം: ശക്തികുളങ്ങര ഓഷ്യാനിക് കടവിൽ നിന്ന് കവർന്ന വള്ളത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണ സംഘം തെരച്ചിൽ നോട്ടീസ് പുറത്തിറക്കി. മത്സ്യബന്ധന തുറമുഖങ്ങൾ, കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പതിക്കുന്നതിനൊപ്പം മത്സ്യതൊഴിലാളികൾക്കും നോട്ടീസിന്റെ പകർപ്പ് നൽകും. വള്ളത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ചിത്രം, മറ്റ് അവശ്യ വിവരങ്ങൾ എന്നിവയടങ്ങുന്നതാണ് നോട്ടീസ് . വെള്ളിയാഴ്‌ച രാത്രിയിലാണ് ഓഷ്യാനിക് കടവിൽ നിന്ന് ശക്തികുളങ്ങര പൊയ്‌കയിൽ ജോസഫ് ജേക്കബിന്റെ അൽഫോൺസാമ്മ വള്ളം മോഷണം പോയത്. സമീപത്തായി കരയോട് ചേർത്തിട്ടിരുന്ന രണ്ട് വള്ളങ്ങൾ കൂടി കവരാൻ ശ്രമിച്ചെങ്കിലും മണ്ണിലുറച്ചതിനാൽ ഉപേക്ഷിക്കുകയായിരുന്നു. നാല് വള്ളങ്ങളിലെ ഇന്ധനങ്ങളും ടാങ്ക് സഹിതം കവർന്നിരുന്നു. തീരദേശ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നതാണ് അൽഫോൺസാമ്മ വള്ളം. മൂന്നോ നാലോ തൊഴിലാളികൾക്ക് മാത്രമാണ് ഇതിൽ ഇരിക്കാൻ കഴിയു
ക. ആഴക്കടൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കാത്ത വള്ളമായതിനാൽ മനുഷ്യ കടത്തിനായി വള്ളം കവരാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നുണ്ട്. പക്ഷേ തീവ്രവാദ സാന്നിധ്യം ഉൾപ്പെടെ മോഷണത്തിന് പിന്നിലെ എല്ലാ സാദ്ധ്യതകളും അന്വേഷണ സംഘം പരിഗണിക്കുകയാണ്.
ശക്തികുളങ്ങരയിൽ നിന്ന് കവർന്ന വള്ളം മറ്റേതെങ്കിലും തീരത്ത് മത്സ്യബന്ധനത്തിന് ഉപയോഗിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. വിവിധ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലും വിവിധ സർക്കാർ ഏജൻസികൾക്കും വിവരം കൈമാറിയിട്ടുണ്ട്.