കൊല്ലം: ചവറ എ.എസ്.ഐ വിനോദ് കുമാറിന്റെ തെക്കുംഭാഗം നടയ്‌ക്കാവിന് സമീപത്തെ വീട്ടിൽ അക്രമം കാട്ടിയ മൂന്ന് പേർ അറസ്റ്റിൽ. ചവറ തട്ടാശേരി സ്വദേശികളായ ഡാനിഷ് ജോർജ്, മനു, പ്രമോദ് എന്നിവരെ തെക്കുംഭാഗം പൊലീസാണ് അറസ്‌റ്ര് ചെയ്‌തത്. മുഖ്യപ്രതി കൊച്ചനി ടി.എസ് കനാലിൽ ചാടി രക്ഷപ്പെട്ടു. വധശമ്രം, മണൽ കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊച്ചനിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് അഞ്ചംഗ സംഘം വിനോദിന്റെ വീട്ടിലെത്തി അക്രമം കാട്ടിയത്. ഗേറ്റിൽ വാളുപയോഗിച്ച് വെട്ടിയ ശേഷം സ്ത്രീകളെ ഭീഷണിപ്പെടുത്തുകയായിരുന്നു. വിനോദ് സ്‌റ്റേഷനിൽ ജോലിയിലായിരുന്നു.
അറസ്റ്റിലായ പ്രമോദടങ്ങുന്ന സംഘം ദിവസങ്ങൾക്ക് മുൻപ് ചവറയിലെ ഒരു ബാറിൽ ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. ബാർ അധികൃതർ കേസ് വേണ്ടെന്ന നിലപാട് എടുത്തെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണ സംഘാംഗമായിരുന്നു എ.എസ്.ഐ വിനോദ്. കേസിൽ പ്രമോദിനെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വിരോധമാകാം അക്രമത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.