ശാസ്താംകോട്ട: ആദർശ് പദവിയേലേക്കുയർത്തി വർഷങ്ങൾ പിന്നിട്ടിട്ടും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. പരിമിതികളുടെ നടുവിൽ വീർപ്പുമുട്ടുന്ന നിലയിലാണ് സ്റ്റേഷന്റെ അവസ്ഥ. കുന്നത്തൂർ, ചവറ, അടൂർ താലൂക്കുകളിൽ നിന്നായി ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും സ്റ്റേഷനെ ആശ്രയിക്കുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല.
സ്റ്റേഷന്റെ വികസനത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. യാത്രക്കാരും, പാസഞ്ചേഴ്സ് അസോസിയേഷനും നിവേദനങ്ങളുമായി നിരവധി തവണ റെയിൽവേ അധികൃതേയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ശുചിമുറി സൗകര്യം ഇല്ല
ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണെങ്കിലും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പരിമിതമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. യാത്രക്കാർക്കായി ഒരു ശുചിമുറി മാത്രമാണ് സ്റ്റേഷനിലുള്ളത്. അതും സ്റ്റേഷൻ മാസ്റ്റർ താക്കോൽ നൽകിയാൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം എല്ലാം അടക്കിപ്പിടിച്ച് നിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.
പ്ളാറ്റ്ഫോമുകളിലും അസൗകര്യം
സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയാണെന്നാണ് യാത്രക്കാർ പറയുന്നത്. പ്ലാറ്റ്ഫോമിനോട് ചേർന്നുനിന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്. പരിമിതമായ ഇരിപ്പിടങ്ങൾക്കൊപ്പം പ്ളാറ്റ്ഫോമിൽ കാട് വളർന്നതും യാത്രക്കാരെ വലയ്ക്കുന്നു.
സ്റ്റേഷനിലെ ട്രാക്കിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം അധികമായി വന്ന മെറ്റൽ ക്ഷണങ്ങൾ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിലാണ്. ഇതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
യാത്രക്കാരുടെ മറ്റ് പരാതികൾ.....
500മീറ്ററിൽ കൂടുതൽ നീളമുള്ള പ്ലാറ്റുഫോമുകളിൽ മേൽക്കൂരയുള്ളത് 25 മീറ്റർ മാത്രം
മഴയും വെയിലുമേറ്റുവേണം യാത്രക്കാർക്ക് വണ്ടി കാത്തുനിൽക്കാൻ
സ്റ്റേഷനും പരിസരവും വൃത്തിയാക്കുന്നത് വഴിപാട് പോലെ
നാമമാത്രമായ ഇരിപ്പിടങ്ങൾ മാത്രമാണ് സ്റ്റേഷനിലുള്ളത്
അനൗൺസ്മെന്റുകൾ പ്ലാറ്റ്ഫോമിന്റെ പകുതി വരെ കേൾക്കാൻ കഴിയൂ
വീൽ ചെയറിലെത്തുന്ന യാത്രക്കാർക്ക് രണ്ടാം പ്ലാറ്റ്ഫോമിലെത്താൻ മറ്റു മാർഗങ്ങളില്ല
കുടിവെള്ളത്തിനായി ആകെയുള്ളത് രണ്ട് ടാപ്പുകൾ മാത്രം
മതിയായ പാർക്കിംഗ് സൗകര്യങ്ങളില്ല
സ്റ്റേഷനും പരിസരവും കാടുപിടിച്ചു
ലൈറ്റുകളുടെ കുറവും വില്ലനാകുന്നു
മാലിന്യ നിക്ഷേപം രൂക്ഷം, റോഡുകൾ തകർന്നു
ലഹരിമാഫിയയും പിടിമുറുക്കുന്നു
ശാസ്‌താംകോട്ട റെയിൽവ് സ്റ്റേഷന് പുതിയ കെട്ടിടവും യാത്രക്കാർക്കായി അപ്പർ ക്ലാസ് കാത്തിരിപ്പ് കേന്ദ്രവും ഉപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണം. ഏറനാട്, ഇന്റർസിറ്റി, മാവേലി എക്‌സ്‌പ്രസുകൾക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കണം കൊടിക്കുന്നിൽ സുരേഷ്, എം.പി എം.പിയുടെ ആവശ്യങ്ങൾ.....
മെയിൻ ലൈനിൽ പ്ലാറ്റ്ഫോം നിർമ്മിക്കണം പബ്ലിക് അനൗൺസ്‌മെന്റ് സമവിധാനം സ്ഥാപിക്കുക ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് സ്ഥാപിക്കുക പ്ലാറ്റ്ഫോം ഒന്നിൽ കൂടുതൽ സ്ഥലത്ത് മേൽക്കൂര നിർമ്മിക്കണം രണ്ടാം പ്ളാറ്റ്ഫോമിലെ ഫെൻസിംഗ് പൂർത്തീകരിക്കുക കാറ്രറിംഗ് സ്റ്റാൾ തുടങ്ങണം സ്റ്റേഷൻ പരിസരത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം റെയിൽവെ സ്റ്റേഷനിലേക്കുള്ള റോഡ് നവീകരിക്കണം പ്രത്യേക റിസർവേഷൻ ഓഫീസ് നിർമ്മിക്കണം