shobha
വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് കൊല്ലം അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ശോഭ യാത്രയിൽ നിന്ന്

വിവിധ സംഘടനകളുടെ ശോഭാ യാത്രകളിൽ ആയിരങ്ങൾ പങ്കെടുത്തു

കൊല്ലം: ആയിരങ്ങൾ പങ്കെടുത്ത വിശ്വകർമ്മ ജയന്തി ആഘോഷ ശോഭായാത്രകളിൽ മനം നിറഞ്ഞ് കൊല്ലം. സംഘടനകളുടെയും കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശോഭായാത്രകളും സമ്മേളനങ്ങളും നടത്തി. കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് നിന്നാരംഭിച്ച ശോഭാ യാത്ര ചിന്നക്കട വഴി നഗരം ചുറ്റി ജവഹർ ബാലഭവനിൽ സമാപിച്ചു. വിവിധ യൂണിയനുകളുടെ ബാനറിന് പിന്നിലായാണ് വിശ്വകർമ്മജർ അണി നിരന്നത്. വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ തുടങ്ങിയവ ശോഭായാത്രയ്‌ക്ക് മിഴിവേകി. സ്ത്രീകളുടെ വൻ തോതിലുള്ള പങ്കാളിത്തമായിരുന്നു മറ്റൊരു പ്രത്യേകത.

അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ ചിന്നക്കട ക്രേവൻ സ്‌കൂൾ പരിസരത്ത് നിന്നാണ് ശോഭാ യാത്ര ആരംഭിച്ചത്. നഗരം ചുറ്റിയ ശോഭായാത്ര ചിന്നക്കട സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ സമാപിച്ചു. സ്ത്രീകളുടെ വൻ പങ്കാളിത്തത്തിനൊപ്പം നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും ആഘോഷ അന്തരീക്ഷത്തിന് ആഹ്ലാദ നിറവ് പകർന്നു. ശോഭായാത്രയ്ക്ക് ശേഷം നടന്ന ജയന്തി സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്‌തു.

അഖില കേരള വിശ്വകർമ്മ മഹാസഭ,മാതൃസംഘടന, കൊല്ലം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലും നഗരത്തിൽ ശോഭായാത്ര നടത്തി.

മഹാശോഭായാത്രകൾക്കൊപ്പം ചെറിയ കൂട്ടായ്‌മകളും സംഘടനകളും ശാഖാ തലത്തിലും പ്രാദേശികമായും ആഘോഷങ്ങൾ നടത്തി. ചില കേന്ദ്രങ്ങളിൽ മധുര വിതരണവും നടത്തി. പൊലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.