പാരിപ്പള്ളി: നെൽകൃഷിക്ക് ഉണർവേകാൻ ഹരിതാമൃതം പദ്ധതിയുമായി പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് രംഗത്ത്. കടമ്പാട്ടുകോണം പേരൂർ ഏലായിലെ പതിനെട്ട് ഏക്കറിലാണ് എസ്.പി.സിയുടെ നേതൃത്വത്തിൽ ഇത്തവണ കൃഷിയിറക്കിയത്. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള മനുരത്ന നെൽവിത്തിനമാണ് ഉപയോഗിച്ചത്.
തുടർച്ചയായ മൂന്നാം വർഷമാണ് സ്റ്റുഡന്റ് പൊലീസിന്റെ നേതൃത്വത്തിൽ കടമ്പാട്ടുകോണം ഏലായിൽ കൃഷിയിറക്കുന്നത്. കായംകുളം ചേറാടി എന്ന നെൽവിത്ത് ഉപയോഗിച്ച് കഴിഞ്ഞ വർഷം ഒരേക്കർ പാടത്ത് നടത്തിയ കൃഷി വൻ വിജയമായിരുന്നു. തുടർന്ന് നാട്ടുകാർ ശേഷിക്കുന്ന തരിശ് പാടത്തും കൃഷിയിറക്കിയതോടെ പ്രദേശത്തെ ജലക്ഷാമത്തിനും പരിഹാരമായത് വാർത്താ പ്രാധാന്യം നേടിയിരുന്നു.
പാരിപ്പള്ളി എസ്.ഐ രാജേഷ് ഞാറുനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.ഐ ഷാജി, സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫ. ബിനി സാം, പാരിപ്പള്ളി കൃഷി ഒാഫീസർ ധന്യാ കൃഷ്ണൻ, വാർഡംഗം സോമൻ, പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, കവി ബാബു പാക്കനാർ, അനിൽ, അഴകേശൻ, സി.പി.ഒമാരായ സുഭാഷ് ബാബു, ബിന്ദു എന്നിവർ നേതൃത്വം നൽകി.