കരുനാഗപ്പള്ളി: അനുദിനം വർദ്ധിക്കുന്ന തെരുവ്നായ്ക്കളുടെ ശല്യം കാരണം കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ ജനം വലയുന്നു. വന്ധ്യംകരണ നടപടികൾ പാളിയതും മാലിന്യനിക്ഷേപം രൂക്ഷമായതുമാണ് നായ്ക്കൾ പെരുകുന്നതിനുള്ള പ്രധാന കാരണം. ഇവയെ ഭയന്ന് വഴിനടക്കാൻ പോയിട്ട് സമാധാനമായി ഉറങ്ങാൻപോലും സാധിക്കാറില്ലെന്നാണ് ജനങ്ങൾ പറയുന്നത്. കരുനാഗപ്പള്ളി നഗരസഭയുടെ ഭാഗങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും ഇതാണ് അവസ്ഥ.
പ്രഭാതസവാരിക്കിറങ്ങുന്നവരും വളർത്തുമൃഗങ്ങളുമാണ് ആക്രമണങ്ങൾക്ക് ഏറെയും വിധേയമാകുന്നത്. കഴിഞ്ഞ ദിവസം മരുതൂർക്കുളങ്ങര തെക്ക് മേക്കേ അയണിവേലിൽ രാധാകൃഷ്ണപിള്ളയുടെ 4 പശുക്കുട്ടികളെയാണ് തെരുവ് നായ്ക്കൾ സംഘം ചേർന്ന് കടിച്ചുകൊന്നത്. രണ്ട് പശുക്കൾക്കും പരിക്കേറ്റു. രണ്ടാഴ്ച മുമ്പ് കോഴിക്കോട് വലിയത്ത് വീട്ടിൽ ബി.എൻ. കനകന്റെ 9 മുട്ടക്കോഴികളെയും നായ്ക്കൾ കൊന്നിരുന്നു. നിരവധി ആടുകളും ആക്രമണത്തിന് ഇരയായി.
ഇരുട്ടിന്റെ മറപിടിച്ച് കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ കൂട് തകർത്ത ശേഷമാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്. കരച്ചിൽ കേട്ട് വീട്ടുകാരെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. കടിയേൽക്കുമെന്ന് ഭയന്ന് ഇവയെ വിരട്ടിഓടിക്കാൻ പോലും ആരും ധൈര്യപ്പെടാറില്ല.
വില്ലനായി മാലിന്യ നിക്ഷേപം
വിവിധ ഭാഗങ്ങളിൽ അനുദിനം വർദ്ധിക്കുന്ന മാലിന്യനിക്ഷേപമാണ് ശരിക്കുള്ള വില്ലൻ. ഹോട്ടൽ മാലിന്യങ്ങൾക്കൊപ്പം അറവുമാലിന്യവും പലയിടത്തും വലിച്ചെറിയുന്നുണ്ട്. ഇവ കഴിക്കാനെത്തുന്ന നായ്ക്കളാണ് ഏറെ അപകടകാരികൾ.രക്തം കലർന്ന മാംസവശിഷ്ടങ്ങൾ കഴിച്ചുവളരുന്ന നായ്ക്കൾ മനുഷ്യനെ ആക്രമിക്കാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
സൂക്ഷിക്കണം തെരുവുനായ്ക്കളെ...
പലപ്പോഴും നായകൾ ആക്രമണകാരികളാകുന്നത് പേടിച്ചിട്ടാണ്. അതുകൊണ്ട് തന്നെ അവയെ പ്രകോപിപ്പിക്കാതിരിക്കുക.
നായ ആക്രമണകാരിയാണെന്ന് തിരിച്ചറിഞ്ഞാൽ തിരിഞ്ഞ് ഓടരുത്. ഓടിയാൽ അവ പിന്നാലെ വന്ന് ആക്രമിക്കും.
സാവധാനം നടന്നു പോകാൻ ശ്രദ്ധിക്കുക.
നായ ആക്രമണകാരിയാണെങ്കിൽ ഓടുന്നതിന് പകരം അവയ്ക്ക് എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ കയറുകയും മറ്റൊരാളുടെ സഹായം തേടുകയും വേണം.
ആക്രമണകാരിയായ നായയുടെ കണ്ണിൽ നോക്കാതിരിക്കുക.
നായയെ തിരിച്ചാക്രമിക്കുന്ന രീതിയിൽ പെരുമാറാതിരിക്കുക. ഇത് അവരെ കൂടുതൽ പ്രകോപിപ്പിക്കും.
നായയുടെ നേരെ നടക്കാതെ അരികിലൂടെ മാത്രം നടക്കുക.
നായയുടെ പല്ലോ നഖമോ ശരീരത്ത് കൊണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.
തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചത് മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാൻ ടെണ്ടർ ക്ഷണിച്ചു. ഏറ്റവും കുഞ്ഞ റേറ്റ് കോട്ട് ചെയ്തു നൽകിയ ടെണ്ടർ അംഗീകരിച്ച് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈമാറി കഴിഞ്ഞു. എത്രയും വേഗം നടപടികൾ ഉണ്ടാകും.
എം. ശോഭന ചെയർപേഴ്സൺ കരുനാഗപ്പള്ളി നഗരസഭ