abin-perera

കൊല്ലം: അക്രമ സംഭവങ്ങളുടെ പരമ്പര സൃഷ്‌ടിച്ച് കാപ്പയിൽ കുടുങ്ങി ആറുമാസത്തെ കരുതൽ തടങ്കലിൽ കഴിഞ്ഞ മംഗൽപാണ്ഡെ എന്നറിയപ്പെടുന്ന കൊല്ലം മുണ്ടയ്‌ക്കൽ പെരുമ്പള്ളി തൊടിയിൽ എബിൻ പെരേര ഒതുങ്ങിയെന്ന് കരുതിയ പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നു. തന്നെ പിന്തുടർന്ന് പിടിക്കാൻ തീരുമാനിച്ച ഇരവിപുരം സി.ഐ അജിത്തിന് ക്വട്ടേഷൻ പ്രഖ്യാപിച്ചാണ് എബിൻ പെരേര മൂന്ന് ദിവസത്തെ പരാക്രമങ്ങൾക്ക് ശേഷം ഒളിവിൽ പോയത്.

ഭരണിക്കാവ് മാടൻനടയിൽ സി.പി.എം പ്രാദേശിക നേതാവായ രംഗനാഥിന്റെ വീടിന് മുന്നിൽ സെപ്‌തംബർ 12ന് ഉച്ചഭാഷിണി ഘടിപ്പിച്ച് സിനിമാ സ്‌റ്റൈലിൽ തെറിയഭിഷേകവും ഭീഷണിയും സൃഷ്‌ടിച്ചാണ് എബിൻ പെരേര ഓണനാളിൽ അക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. അന്ന് രാത്രി തന്നെ കൊല്ലം വെസ്‌റ്ര് പൊലീസ് അതിർത്തിയിലെ ഒരു ബിയർ പാർലറിൽ വച്ച് മുൻ മിസ്‌റ്റർ കൊല്ലമായ മുണ്ടയ്‌ക്കൽ സ്വദേശി ഷെഫീഖിന്റെ കഴുത്തിൽ കത്തി വച്ചു. കുതറിയോടിയ ഷെഫീഖിനെ പിൻ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. പിറ്റേന്ന് കൊല്ലൂർവിള പള്ളിമുക്കിൽ വച്ച് വാളത്തുംഗൽ സ്വദേശി ഫിറോസിനെ തടഞ്ഞുനിറുത്തി 2,500 രൂപ അടങ്ങിയ പഴ്‌സ് അപഹരിച്ചു.

ഇരവിപുരം പൊലീസ്, എബിൻ പെരേരയ്‌ക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വടക്കേവിള മണക്കാട് ക്രസന്റ് നഗർ 19 ൽ (ചിറയഴികത്ത് വീട്) നിയാസിനും വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബിയർ പാർലറിൽ വച്ച് കായികതാരത്തിന്റെ കഴുത്തിൽ കത്തിവച്ചത് എബിൻ പെരേര ആയിരുന്നെങ്കിലും പിന്നിൽ നിന്ന് കുത്തിയത് നിയാസായിരുന്നു.

പൊലീസ് നടപടി ശക്തമാക്കിയതോടെയാണ് സെപ്‌തംബർ 14ന് സി.ഐയുടെ ഔദ്യോഗിക ഫോണിൽ വിളിച്ച് വെടിവച്ച് കൊല്ലുമെന്ന് എബിൻ പെരേര ഭീഷണി മുഴക്കിയത്. പന്തളത്ത് നിന്നായിരുന്നു വിളിച്ചതെന്ന് ടവർ ലൊക്കേഷൻ വഴി സ്ഥിരീകരിച്ചെങ്കിലും പിന്നീട് ഫോൺ പ്രവർത്തന രഹിതമായി. എന്റെ തോക്കിലെ വെടിയുണ്ട നിന്റെ തലയിൽ തുളച്ചു കയറിയാൽ അത് സാധാരണ കേസാണെന്നും മറിച്ച്, നിന്റെ തോക്കിലെ ഉണ്ട എനിക്കെതിരെ പ്രയോഗിച്ചാൽ നീ പല സ്ഥലത്തും സമാധാനം പറയേണ്ടി വരുമെന്നുമായിരുന്നു എബിൻ പെരേരയുടെ ഫോണിലെ ഭീഷണി.

പലിശ പിരിച്ച് മീശ പിരിച്ചു!

നഗരത്തിലെ കുബേരൻമാരുടെ കിട്ടാക്കടങ്ങളും മുടക്കം വരുന്ന പലിശയും ബലപ്രയോഗത്തിലൂടെ പിരിച്ചുനൽകിയാണ് എബിൻ പെരേര ഗുണ്ടാ ജീവിതത്തിന് തുടക്കം കുറിച്ചത്. കമ്പ്യൂട്ടർ പലിശ, മീറ്റ‌ർ പലിശ എന്നിങ്ങനെ വട്ടിപ്പലിശയുടെ പുതിയ രൂപങ്ങൾ എബിൻ പെരേരയ്‌ക്ക് കൊയ്‌ത്ത് കാലം സമ്മാനിച്ചു. ഇടയ്‌ക്ക് കുബേരൻമാരെ പൊലീസ് പൂട്ടിയതോടെ മയക്കുമരുന്നിന്റെ ലോകത്തേക്ക് തിരിഞ്ഞു. ഇതിന് പുറമെ കുത്തിവയ്‌‌പ്പും തുടങ്ങി. ലഹരിക്ക് അടിപ്പെട്ടതോടെ ഏത് ക്രൂര കൃത്യവും ചെയ്യാൻ മടിയില്ലാത്ത ആളായി മാറി. ഇരവിപുരം, കൊല്ലം ഈസ്‌റ്റ്, കൊല്ലം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനുകളിലായി 20 ഓളം വധശ്രമ കേസുകളിൽ പ്രതിയാണ് എബിൻ പെരേര. ഈ കേസുകളുടെ പശ്ചാത്തലത്തിലാണ് മൂന്ന് വർഷം മുമ്പ് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയത്.

പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ വീണ്ടും കാപ്പ ചുമത്തിയേക്കും. കഴിഞ്ഞ വർഷം കാപ്പയ്‌ക്ക് ശുപാർശ ചെയ്തെങ്കിലും കേസുകളുടെ കാലാവധിയിലെ പഴുതുകൾ മുതലാക്കി കാപ്പ ട്രൈബ്യൂണലിൽ അപ്പീൽ നൽകി രക്ഷപ്പെടുകയായിരുന്നു. സി.ഐയെ വെടിവയ്ക്കുമെന്ന ഭീഷണി പൊലീസ് നിസാരമായി തള്ളിക്കളയുന്നില്ല. കാരണം എബിൻ പെരേരയുടെ പക്കൽ കള്ളതോക്കുണ്ടെന്നാണ് സംസാരം. യു.പിയിലുള്ള വടക്കേവിള സ്വദേശിയാണ് എബിൻ പെരേരയ്‌ക്ക് തോക്ക് എത്തിച്ച് നൽകിയതെന്നും പൊലീസ് സംശയിക്കുന്നു. പൊലീസ് ഈ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. എബിൻ പെരേരയെ ഏത് സാഹചര്യത്തിലും പിടിക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് 20 അംഗ സായുധ സംഘത്തെ ഉൾപ്പെടുത്തി മൂന്ന് സി. ഐമാരുടെ നേതൃത്വത്തിൽ മൂന്ന് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കൊല്ലം എ.സി.പി എ. പ്രതീപ് കുമാറിനാണ് മേൽനോട്ടം.