sajeev

കൊല്ലം: സജീവ് തൂമ്പയുമായി പാട്ടത്തിനെടുത്ത സ്ഥലത്തേക്ക് പോകുമ്പോൾ അയൽവാസികളിൽ ചിലർ കളിയാക്കുമായിരുന്നു 'ദേ പോണൊരുത്തൻ കർഷകശ്രീയാകാൻ...'. ഇവർക്ക് മുന്നിലൂടെ രണ്ടു കൈകളിലും വാഴക്കുലകളും കുട്ടനിറയെ പച്ചക്കറികളുമായാണ് സജീവ് ഇപ്പോൾ നടന്നുപോകുന്നത്. കളിയാക്കിവരെല്ലാം സജീവിന് മുന്നിൽ വിഷരഹിത പച്ചക്കറിക്ക് ക്യൂ നിൽക്കുകയാണിപ്പോൾ.

കിളികൊല്ലൂർ പുളിയത്ത് മുക്ക് എം.ജി നഗർ നാദം മന്ദിരത്തിൽ എൻ. സജീവ് പൂത്തുലഞ്ഞ് നിൽക്കുന്ന കൃഷിത്തോട്ടങ്ങൾ പതിവായി സ്വപ്നം കാണുമായിരുന്നു. പക്ഷെ, സ്വന്തമായി എട്ടു സെന്റ് സ്ഥലമേയുള്ളു. തന്റെ സ്വപ്നങ്ങൾ പങ്കുവച്ചപ്പോൾ സമീപവാസി ഒഴിഞ്ഞുകിടക്കുന്ന 80 സെന്റ് സ്ഥലം നിസാര തുകയ്ക്ക് പാട്ടത്തിന് നൽകി. കാടുകയറിക്കിടന്ന ആ സ്ഥലം മൂന്ന് വർഷത്തിനുള്ളിലാണ് സജീവ് മാറ്റിയെടുത്തത്.
തറയിൽ മുട്ടാറായി റോബസ്റ്റ കുലകൾ, നൂറ് മൂടിലേറെ ഏത്തവാഴ, നിരനിരയായി വെണ്ടച്ചെടികൾ, പടവലങ്ങയെ തോൽപ്പിക്കുന്ന നീളൻ പയർ, തക്കാളി, വഴുതന, പച്ചമുളക് എന്നിവയ്ക്ക് പുറമെ ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളും നിറഞ്ഞ് നിൽക്കുകയാണ്. കോഴിക്കാഷ്ഠം, ഗോമൂത്രം, ചാണകം തുടങ്ങിയ ജൈവ വളങ്ങളേ ഉപയോഗിക്കാറുള്ളു. തൊട്ടടുത്ത് തന്നെ ഒന്നര ഏക്കർ കൂടി പാട്ടത്തിനെടുത്ത് കൃഷി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

കിളികൊല്ലൂർ കൃഷി ഓഫീസറായിരുന്ന പ്രീത തുടക്കക്കാരനായ സജീവിന് വലിയ പിന്തുണയാണ് നൽകിയത്. കിളികൊല്ലൂർ കൃഷിഭവൻ പരിധിയിലെ ഏറ്റവും മികച്ച യുവകർഷകനായും ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലറാണ്. ഭാര്യ ഉഷസും എൻജിനിയറിംഗ് വിദ്യാർത്ഥിയായ മകൻ എബിനും എട്ടാം ക്ലാസ് വിദ്യാർത്ഥി മകൾ ആർച്ചയും വലിയ പിന്തുണയാണ് നൽകുന്നത്.

 ദിവസം ആയിരം രൂപ വരുമാനം

പച്ചക്കറി വില്പനയിലൂടെ ദിവസം കുറഞ്ഞത് ആയിരം രൂപയെങ്കിലും ഇപ്പോൾ സജീവിന് വരുമാനമുണ്ട്. രാവിലെയും വൈകിട്ടും ഒന്നര മണിക്കൂർ വീതം മാത്രമാണ് കൃഷിക്ക് ചെലവഴിക്കുന്നത്. വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുന്ന സജീവിന് കച്ചവടത്തിൽ നിന്നും ഇത്രയും തുക ഒരു ദിവസം കിട്ടാറില്ല. കൃഷിവകുപ്പിന്റെ മുഖത്തലയിലെയും കൊല്ലം കന്റോൺമെന്റ് മൈതാനത്തിന് സമീപത്തെയും എക്കോഷോപ്പുകൾ വഴിയാണ് പ്രധാനമായും വില്പന.