കൊല്ലം: കൊല്ലം സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരമുള്ളതായി ഉയർത്താൻ റെയിൽവേ ബോർഡിന്റെ തീരുമാനം. ഇന്ത്യൻ റയിൽവേ സ്റ്റേഷൻ ഡെവല് പമെന്റ് കോർപ്പറേഷനാണ് ചുമതല. ദക്ഷിണ റയിൽവേ ജനറൽ മാനേജർ രാഹുൽ ജയ്‌നിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിലെ എം.പി മാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തിൽ എം.പിമാർക്ക് പുറമെ ദക്ഷിണ റെയിൽവെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ എസ്. അനന്തരാമൻ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവെ മാനേജർ എസ്.കെ. സിൻഹ, ഡെപ്യൂട്ടി ജനറൽ മാനേജർ ജി. ഗായത്രി, ചീഫ് കൊമേഴ്‌സ്യൽ മാനേജർ വൈ. നാഗേന്ദ്രബാബു തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.
തീരുമാനങ്ങൾ
കൊല്ലത്ത് ക്വിക്ക് വാട്ടറിംഗ് സംവിധാനത്തിന് 4.10 കോടി. രണ്ടാം പ്രവേശന കവാടത്തോട് ചേർന്ന് മൾട്ടി ഡിസിപ്ലിനറി ട്രെയിനിംഗ് സെന്റർ ആരംഭിക്കും.
രണ്ടാം പ്രവേശന കവാടത്തിൽ നിന്നുള്ള പ്ലാറ്റ്ഫോമിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കും
മയ്യനാട്ട് പ്ലാറ്റ്‌ഫോം ഉയരം കൂട്ടാൻ അനുമതി
പെരിനാട് അടിപ്പാത നിർമ്മാണം മഴക്കാലം കഴിഞ്ഞാലുടൻ ആരംഭിക്കും.
എമർജൻസി മെഡിക്കൽ ഫെസിലിറ്റി, ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ പ്രവർത്തനം ഈ സാമ്പത്തിക വർഷം ആരംഭിക്കും.
റിസർവേഷൻ, ബുക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കും.
കൊല്ലത്ത് ഒന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള മേൽപ്പാലം, സർക്കുലേറ്റിംഗ് ഏരിയ, അധിക പാർക്കിംഗ് സൗകര്യം എന്നിവ വൈകാതെ പൂർത്തിയാക്കും.
പരിഗണനയിൽ
കൊല്ലത്ത് നിന്ന് സർവീസുകൾ തുടങ്ങാൻ പിറ്റ് ലൈൻ നിർമ്മിക്കണമെന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ആവശ്യം.
ഇരവിപുരം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടാനുള്ള നിർദ്ദേശം.
ബാറ്ററി കാറുകളുടെ ഓട്ടം നിയന്ത്രണങ്ങൾ പാലിച്ച് പുനരാരംഭിക്കുന്നത് പരിഗണനയിൽ.
ഓട്ടം വൈകരുത്: എം.പിമാർ
ട്രെയിനുകളുടെ വൈകിയോട്ടം കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന് എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ
രാവിലെ 7.15 നും 9 നും ഇടയിൽ തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേയ്ക്ക് ട്രെയിൻ സർവീസ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് പരിഹരിക്കാൻ രാവിലെ 8 നും 8.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് മെമു സർവീസ് ആരംഭിക്കണം.
എറണാകുളത്ത് നിന്ന് കോട്ടയം- കൊല്ലം - ചെങ്കോട്ട - മധുര വഴി വേളാങ്കണ്ണിയിലേക്ക് പോകുന്ന സ്‌പെഷ്യൽ ട്രെയിൻ പ്രതിദിനമാക്കണം
മീറ്റർ ഗേജ് ലൈനിൽ ഓടിക്കൊണ്ടിരുന്ന കോയമ്പത്തൂർ- പളനി- മധുര- കൊല്ലം ട്രെയിൻ പുനസ്ഥാപിക്കണം
ആലപ്പുഴ വഴി പോകുന്ന ട്രെയിനുകൾക്കെല്ലാം ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കണം
മൺട്രോതുരുത്തിൽ 24 ബോഗികളുള്ള ട്രെയിൻ നിറുത്താൻ കഴിയുന്ന തരത്തിൽ പ്ലാറ്റ്ഫോം നിർമ്മിക്കണം, സ്റ്റേഷൻ കെട്ടിടം പുതുക്കി പണിയണം