pala
പുനലൂരിലെ തൂക്ക് പാലം സന്ദർശിക്കാനെത്തിയവർ

പുനലൂർ: ഓണാഘോഷങ്ങളൊഴിഞ്ഞ് സംസ്ഥാനം തിരക്കുകളിലേക്ക് മടങ്ങുമ്പോഴും കിഴക്കൻ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്കൊഴിയുന്നില്ല. ദിവസേന ആയിരക്കണക്കിനാളുകളാണ് പുനലൂർ, തെന്മല, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്നത്.

മുൻ വർഷങ്ങളിൽ ഓണം കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസം കൂടി മാത്രമാണ് ഇവിടങ്ങളിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുള്ളത്. ഇത്തവണ ഓണത്തിന് ഒരാഴ്ച മുമ്പ് മഴ മാറിയതോടെ സഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിക്കുകയായിരുന്നു. പുനലൂരിലെ ചരിത്ര സ്മാരകമായ തൂക്ക് പാലം, തെന്മല ഇക്കോ ടൂറിസം മേഖല, പരപ്പാർ അണക്കെട്ട്, ഒറ്റക്കൽ ലുക്കൗട്ട് തടയണ, ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടം, തമിഴ്നാട് കുറ്റാലം അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശകരുടെ കുത്തൊഴുക്കാണ്. മേഖലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ദിവസവും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

 ആരവമൊഴിയാതെ....

 പുനലൂർ തൂക്കുപാലം

ബ്രിട്ടീഷ് സാങ്കേതിക വിദഗ്ദ്ധൻ ആൽബർട്ട് ഹെൻറിയുടെ മേൽനോട്ടത്തിൽ കല്ലടയാറിന് കുറുകെ 1877ൽ നിർമ്മാണം പൂർത്തിയായ പുനലൂരിലെ തൂക്കുപാലം സന്ദർശിക്കാൻ വിദേശികൾ അടക്കമുള്ള സഞ്ചാരികളാണ് ദിവസേന എത്തുന്നത്. ഇവിടെ രാത്രിയിലും വൻ ജനതിരക്കാണ് അനുഭവപ്പെടുന്നത്.

 തെന്മല ഇക്കോ ടൂറിസം

ഓണമൊഴിഞ്ഞിട്ടും സന്ദർശകരുടെ തിരക്കൊഴിയാത്ത മറ്റൊരു പ്രധാന കേന്ദ്രമാണ് തെന്മല ഇക്കോ ടൂറിസം. കല്ലട പദ്ധതി പ്രദേശത്തെ പരപ്പാർ അണക്കെട്ടും അണക്കെട്ടിന്റെ ഡിസ്പേഴ്സറി വാൽവ് തുറന്ന് ജലധാര യന്ത്രം പോലെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന മനോഹരക്കാഴ്ചയും കാണുന്നതിനായി കുട്ടികളുൾപ്പെടെയുള്ളവർ എത്തുന്നുണ്ട്.

സമീപത്ത് തന്നെയുള്ള ബോട്ട് സവാരി, കുട്ട വഞ്ചി, ചങ്ങാട യാത്ര എന്നിവയും വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരിക്കുകയാണ്. അഡ്വൈ‌ഞ്ചർ സോൺ, ഒറ്റക്കൽ മാൻപാർക്ക്, ഒറ്റക്കൽ ലുക്കൗട്ട് തടയണ, കുട്ടികളുടെ പാർക്ക് എന്നിവയടക്കം മുപ്പതോളം പദ്ധതികളാണ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വനം, ടൂറിസം, കെ.ഐ.പി വകുപ്പുകൾ സംയുക്തമായി ഇക്കോ ടൂറിസം മേഖലയിൽ സജ്ജമാക്കിയിട്ടുള്ളത്.

 പാലരുവി വെള്ളച്ചാട്ടം

സമീപ പഞ്ചായത്തിലെ ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം സന്ദർശിക്കാനും കുളിക്കാനുമായി കേരളത്തിന് പുറമെ തമിഴ്നാട്ടിൽ നിന്നുള്ള ടൂറിസ്റ്റുകളും എത്തുന്നുണ്ട്. ജലപാതത്തിലും സമീപത്തെ വനാന്തരങ്ങളിലും വിനോദ സഞ്ചാരികൾക്കായി ബൃഹത്തായ പദ്ധതികളാണ് വനം വകുപ്പ് ഇത്തവണ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് വനം വകുപ്പിലെ പുരുഷ, വനിതാ ഗൈഡുകളുടെ സേവനവും ലഭ്യമാണ്.

 സഞ്ചാരികളെ ആകർഷിക്കാൻ...

പുനലൂർ തൂക്കുപാലം

തെന്മല ഇക്കോ ടൂറിസം

പരപ്പാർ അണക്കെട്ട്

ഒറ്റക്കൽ ലുക്കൗട്ട് തടയണ

പാലരുവി വെള്ളച്ചാട്ടം

കുറ്റാലം