കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെ നിയന്ത്രണത്തിൽ പുലമൺ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സ്റ്റാൻഡിനോട് അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ പ്രതിഷേധം ഉയരുന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബസ് സ്റ്റേഷനുള്ളിലേക്ക് ബസുകൾക്ക് കടന്നു വരുന്നതിനും പോകുന്നതിനും വളരെയധികം അസൗകര്യങ്ങളുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗം ഓട്ടോറിക്ഷകൾ കെൈയ്യടക്കി. മറുഭാഗത്താകട്ടെ വലിയ കുഴികളും രൂപപ്പെട്ടു. ഇതുകാരണം ബസുകൾക്ക് നിരന്തരം തകരാർ സംഭവിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. ഇതുകാരണം ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും സ്റ്റാഡിലേക്ക് അതിക്രമിച്ച് കയറുന്നതായും പരാതിയുണ്ട്. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സ്റ്റാൻഡിന്റെ മദ്ധ്യഭാഗത്തുകൂടി കടന്നുപോകുന്ന ഓടയുടെ സ്ളാബുകളിൽ മൂന്നെണ്ണം തകർന്ന നിലയിലാണ്. ഇവ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലും നടപടി ഉണ്ടായിട്ടില്ല. അസൗകര്യങ്ങൾ കാരണം സമയക്ളിപ്തത പാലിച്ച് ബസുകൾക്ക് സർവീസ് നടത്താൻ സാധിക്കാറില്ലെന്നും പരാതിയുണ്ട്.
നിത്യേന നൂറോളം സ്വകാര്യ ബസുകളാണ് സ്റ്റാൻഡിൽ വന്നുപോകുന്നത്. ഇവ പ്രതിദിനം 20 രൂപ വീതം സ്റ്റാൻഡ് ഫീസും നൽകുന്നു. എന്നാൽ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നഗരസഭ അധികൃതർ ഇനിയും തയ്യാറാകുന്നില്ല. ഇതിനെതിരെ സർവീസ് നിറുത്തിവച്ച് സമര പരിപാടികൾക്കു രൂപം നൽകും
ആർ.ചന്ദ്രശേഖരൻപിള്ള(ബസ് ഓപ്പറേറ്റേഴ്സ് അസോ. ജില്ലാ പ്രസിഡന്റ്)
കെ.എ. അജിത് കുമാർ(സെക്രട്ടറി)
സ്റ്റാൻഡിൽ വരുന്നത്: 100ഓളം ബസുകൾ
സ്റ്റാൻഡ് ഫീസ്: 20 രൂപ(ഒരു ബസിന്)