കൊട്ടാരക്കര: കാത്തിരിപ്പിനൊടുവിൽ നെടുവത്തൂർ കൊട്ടാരക്കര ഗവ. ആയുർവേദ ആശുപത്രിയുടെ ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു, ആശുപത്രി വികസനത്തിന്റെ ഭാഗമായി ഏഴ് കോടി രൂപയുടെ കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 100 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി.
കൊട്ടാരക്കര നഗരസഭയുടെ കീഴിലാണ് നെടുവത്തൂർ താമരശ്ശേരി ജംഗ്ഷന് സമീപത്ത് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. ഏഴ് പതിറ്റാണ്ടിലധികമാണ് കെട്ടിടത്തിന്റെ പഴക്കം. താൽക്കാലിക അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാണ് ഇത്രയുംനാൾ ആശുപത്രി പ്രവർത്തിച്ചത്. മഴപെയ്താൽ ഒരുതുള്ളി വെള്ളംപോലും പുറത്തുപോകാത്ത അവസ്ഥയാണ് നിലവിലുള്ളത്. മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നുവീഴാറുണ്ടെന്നും രോഗികൾ പറയുന്നു.
വൃദ്ധ സദനത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടവും ആശുപത്രിക്കുവേണ്ടി ഉപയോഗിച്ചുവരികയാണ്. ഒന്നര ഏക്കർ ഭൂമിയാണ് ആശുപത്രിക്കുള്ളത്. അടുക്കും ചിട്ടയുമില്ലാതെയാണ് നേരത്തെ കെട്ടിടങ്ങൾ നിർമ്മിച്ചത്. പാറയും മണ്ണും നീക്കി ഭൂമി നിരപ്പാക്കി കെട്ടിട നിർമ്മാണം തുടങ്ങണമെന്നാണ് പൊതു ആവശ്യം. പഴയ കെട്ടിടം പൊളിക്കാതെ ഐ.പി കെട്ടിടം നിർമ്മിക്കാനും സ്ഥലമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആശുപത്രിയുടെ മുഖശ്രീ തെളിയണമെങ്കിൽ പഴയ കെട്ടിടം നീക്കം ചെയ്ത് മനോഹരമായ പുതിയ കെട്ടിടം നിർമ്മിക്കണമെന്നാണ് എം.എൽ.എ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്.
നിലംപൊത്താറായി ശുചിമുറി
ആശുപത്രിയിൽ തിരുമ്മൽ മുറിയോട് ചേർന്നുള്ള ശുചിമുറി ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഭിത്തി തകർന്ന് വിണ്ടുകീറി. പ്രാഥമിക ആവശ്യങ്ങൾക്ക് അകത്ത് കയറുന്നവർ ശ്വാസമടക്കിപ്പിടിച്ച് ഇരിക്കേണ്ട ഗതികേടിലാണ്.
പഴയ കെട്ടിടം പൊളിക്കണം
ആശുപത്രിക്കായി ബഹുനില കെട്ടിടം നിർമ്മിക്കണമെങ്കിൽ പഴയ കെട്ടിടം പൊളിച്ച് നീക്കേണ്ടതുണ്ട്. നിർമ്മാണം നടക്കുന്ന ഒ.പി ബ്ളോക്ക് കെട്ടിടത്തിലേക്ക് ഇതിന്റെ പ്രവർത്തനം മാറ്റണം. ഒ.പി ബ്ളോക്ക് കെട്ടിടത്തിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 35 ലക്ഷം രൂപയ്ക്ക് നടത്തുന്ന നിർമ്മാണ ജോലികൾ ഇഴയുന്നത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മന്ത്രി ഇടപെട്ടിട്ടും വേഗത കൈവന്നിട്ടില്ല.
പരിമിതികളിലും മെച്ചപ്പെട്ട സേവനം
കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും കുറവുകൾ ഉണ്ടെങ്കിലും നെടുവത്തൂർ ഗവ. ആയുർവേദ ആശുപത്രിയുടെ സേവനം മികച്ചതാണ്. കഷായ ആശുപത്രി എന്ന പേരിലാണ് പണ്ടുമുതൽ ആശുപത്രി അറിയപ്പെടുന്നത്. ദിവസവും നൂറ്റമ്പതിന് മുകളിലേക്കാണ് ഒ.പിയിൽ എത്തുന്ന രോഗികളുടെ എണ്ണം. തടവലും കിഴിയിടലും മറ്റുമായി ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് രോഗികൾ പറയുന്നു. മരുന്നിനും കുറവില്ല.
മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങളുടെ കുറവാണ് നിലവിലെ പ്രതിസന്ധി. അതിനും പരിഹാരമാകുന്നതിന്റെ സന്തോഷത്തിലാണ് ഇവിടുത്തുകാർ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കൊട്ടാരക്കര നഗരസഭയുടെ അതിർത്തിയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. രണ്ടിടത്തെയും രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നിന്നും 200 മീറ്റർ ചുറ്റളവിലായതിനാൽ ഗതാഗത പ്രശ്നങ്ങളുമില്ല.