pwd-road
ചാത്തന്നൂർ -കട്ടച്ചൽ റോഡിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പറമ്പിനോട് ചേർന്ന് ഭാഗം കാടുമൂടി കിടക്കുന്നു

 കാൽനട യാത്രികരുടെ ജീവൻ ഭീഷണിയിൽ

ചാത്തന്നൂർ: ചാത്തന്നൂർ - കട്ടച്ചൽ റോഡിനിരുവശവും കാടുകയറി യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പറമ്പിനോട് ചേർന്ന ഭാഗത്ത് കാട് വളർന്ന് റോഡ് കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായും ഇവിടം മാറിയിട്ടുണ്ട്.

കാൽനടയാത്രികർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സാഹചര്യമായതിനാൽ ഇവരുടെ ജീവൻ തന്നെ ഭീഷണിയിലാണ്. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള യാത്ര നാട്ടുകാർക്ക് പേടിസ്വപ്നമാണ്. അപകടത്തിൽപ്പെട്ട് ഇരുചക്ര വാഹനയാത്രികർ കാടുനിറഞ്ഞ ഭാഗത്തേക്ക് വീണുകഴിഞ്ഞാൽ അടിയന്തര സഹായം പോലും ലഭിക്കില്ലെന്ന സ്ഥിതിയുണ്ട്.

 നിവേദനം നൽകി

റോഡിനിരുവശത്തുമുള്ള കാട് വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് മാമ്പള്ളിക്കുന്ന റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അധികൃതർക്ക് പരാതി നൽകി. പൊലീസ് സ്റ്റേഷൻ പറമ്പ് മതിൽകെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രേഖാമൂലം അറിയിച്ചതായി പ്രസിഡന്റ് ജി. ദിവാകരൻ പറഞ്ഞു.