pathanapuram
ചേത്തടി ക്ഷീരോദ്പാദക സംഘത്തിന് മുന്നിൽ അപകടഭീഷണിയുയർത്തി നിൽക്കുന്ന പാഴ്മരം

പത്തനാപുരം: റോഡിന്റ ഇരവശങ്ങളിലുമുള്ള വർഷങ്ങൾ പഴക്കമുള്ള പാഴ്മരങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ചേത്തടി ഭാഗത്താണ് അപകടസ്ഥിതിയിൽ മരങ്ങൾ നിൽക്കുന്നത്.

ചേത്തടി ക്ഷീരോത്പാദക സഹകരണ സംഘത്തിന് ഇരുവശങ്ങളിലുമുള്ള രണ്ട് വലിയ വാകമരങ്ങൾ കാലപ്പഴക്കം മൂലം ചുവട് ദ്രവിച്ച് ഏതുനിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ്. ക്ഷീരോത്പാദക സംഘത്തിലെ ജീവനക്കാരും ഇവിടെയെത്തുന്ന ക്ഷീര കർഷകരും സമീപ വീടുകളിലെ താമസക്കാരും ഭീതിയോടെയാണ് കഴിയുന്നത്. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണാൽ വൻ ദുരന്തമാണുണ്ടാവുക. വൈദ്യുതി പോസ്റ്റുകൾക്കും നാശം സംഭവിക്കും.

അടിയന്തരമായി മരങ്ങൾ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ക്ഷീരോത്പാദക സഹകരണ സംഘം ഭാരവാഹികളും നാട്ടുകാരും വില്ലേജ്, പൊതുമരാമത്ത് അധികൃതർക്ക് നിരവധിതവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല. അതേസമയം റോഡിന്റെ വശങ്ങളിലെ തേക്ക്, ആഞ്ഞിലി, പ്ലാവ് ഉൾപ്പെടെ വിലപിടിപ്പുള്ള മരങ്ങൾ അപകടഭീഷണിയില്ലങ്കിലും ലേലം ചെയ്യാൻ അധികൃതർ തിടുക്കം കാട്ടുന്നതായും ആക്ഷേപമുണ്ട്. റോഡ് വശങ്ങളിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച്മാറ്റുന്നതിന് ലേലം നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയെങ്കിലും അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.