കൊല്ലം: അവകാശ സംരക്ഷണ പോരാട്ട വേദിയായി വിശ്വകർമ്മ ദിനാചരണം മാറണമെന്നും ജനസംഖ്യാനുപാതിക സംവരണത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പുകളിൽ വിശ്വകർമ്മജരെ സ്ഥാനാർത്ഥികളാക്കണമെന്നും വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമിക സംഘം പ്രസിഡന്റ് ആറ്റൂർ ശരത്ചന്ദ്രൻ അഭിപ്രായപ്പെട്ടു.വിശ്വകർമ്മ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അഖില കേരളം വിശ്വകർമ്മ മഹാസഭ ആശ്രാമം 702 ബി ശാഖ പ്രസിഡന്റ് കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ വേദപഠന കേന്ദ്ര ധാർമിക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു ദിനാഘോഷ വിളംബര സന്ദേശം അവതരിപ്പിച്ചു.
ഋഷി പഞ്ചമി ആഘോഷങ്ങളുടെ സമാപ്തി കുറിച്ച് 1956 സെപ്റ്റംബർ 17 ബിഹാറിലെ പാറ്റ്നയിൽ വിശ്വകർമ്മ ക്ഷേത്രത്തിൽ നടന്ന അനിയന്ത്രിതമായ ആഘോഷങ്ങളുടെ നേർക്ക് പൊലീസുകാർ നടത്തിയ വെടിവയ്പ്പിൽ രക്തസാക്ഷിത്വം വഹിച്ച വിശ്വകർമ്മജരെ അനുസ്മരിക്കുന്നതാണ് വിശ്വകർമ്മ ദിനാചരണമായി പിൽക്കാലത്ത് മാറിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമ്മേളനത്തിൽ വേദപഠന കേന്ദ്ര ധാർമിക സംഘം കേന്ദ്ര കമ്മിറ്റി അംഗം ഡി. വേണു കരുനാഗപ്പള്ളി, കൊല്ലം ജില്ലാ പ്രസിഡന്റ് കുമ്മല്ലൂർ സുരേഷ്, ആശ്രാമം സുനിൽകുമാർ, എൽ.പ്രകാശ്, സുരേഷ് ബാബു കന്നിമേൽച്ചേരി, ടി.പി.ശശാങ്കൻ, വിശ്വകർമ്മ പ്രാർത്ഥന സമതി കൊല്ലം ജില്ലാ പ്രസിഡന്റ് പി. വിജയമ്മ, വി.എസ്. രജിത, ജസീന്ത സാബു എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വെള്ളിമൺ സുകുമാരൻ ആചാരി സ്വാഗതവും, വിജയൻ കന്നിമേൽച്ചേരി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.