കൊല്ലം: പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തും വാണിജ്യആരോഗ്യ സാധ്യതകൾ പരിഗണിച്ചും മുള സംരക്ഷണം ഉറപ്പാക്കാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. വേണാട് ജൈവകർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക മുളദിനാചരണം എസ്. വി ടോക്കീസ് ജംഗ്ഷൻ സി.എസ്.എൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനം വകുപ്പ് പമ്പാനദീതീരത്ത് 25,000 മുളന്തൈകൾ നട്ടു കഴിഞ്ഞു. ഇവയുടെ പരിപാലനത്തിനായി തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേക സേനയും രൂപീകരിച്ചു. നദീമലഞ്ചരിവ് മേഖലകളുടെ സംരക്ഷണത്തിനായി ഇവിടങ്ങളിലും തൈകൾ നടുകയാണ്. മണ്ണൊലിപ്പ് തടയുന്നതിനും ജലസംരക്ഷണത്തിനും സഹായകമായ മുളയുടെ വ്യാപനം ഉറപ്പാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേയർ വി രാജേന്ദ്രബാബു മുഖ്യപ്രഭാഷണവും വൃക്ഷതൈ വിതരണവും നിർവഹിച്ചു. ചേരിയിൽ സുകുമാരൻ നായർ അധ്യക്ഷനായി. വടക്കേവിള ശശി, ഡോ സി.പി രാധാകൃഷ്ണൻ, ടി.എം എസ് മണി, ഉണ്ണികൃഷ്ണൻ ഉളിയക്കോവിൽ തുടങ്ങിയവർ സംസാരിച്ചു.