കൊല്ലം: മുളയിൽ ശുദ്ധ സംഗീതം പൊഴിച്ച് ലോക മുള ദിനമാഘോഷിച്ചു . ആശ്രാമം അഡ്വഞ്ചർ പാർക്കിൽ ഡി.ടി.പി.സിയുടെയും ഗ്രീൻ ഗോൾഡ് ക്രാഫ്റ്റ് വില്ലേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജലവും മണ്ണും സംരക്ഷിക്കാൻ കാരണമാകുന്ന മുളങ്കൂട്ടങ്ങളുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും കോർപ്പറേഷനിൽ ഉടൻ തുറക്കുന്ന പാർക്ക് ഉൾപ്പെടെ വിവിധയിടങ്ങളിൽ മുളങ്കൂട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ മുൻകൈയെടുക്കുമെന്നും മേയർ പറഞ്ഞു.
ഗ്രീൻ ഗോൾഡ് ക്രാഫ്റ്റ് വില്ലേജ് ട്രെയിനർ സന്തോഷിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് മുളയിൽ മാന്ത്രിക സംഗീതം തീർത്തത്. മുളയിൽ തീർത്ത കരകൗശല വസ്തുക്കളുടെ പ്രദർശനവും അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
മുളങ്കൊട്ട, മുറം, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കു പുറമെ ഈടുനിൽക്കുന്ന പ്ലൈവുഡ്, കംപ്യൂട്ടർ കീബോർഡ്, മൗസ്, തൂക്കുവിളക്ക്, മുളവീട്, കർട്ടണുകൾ, ഇരിപ്പിടങ്ങൾ, ബിരിയാണിക്കുറ്റികൾ, മുളങ്കുഴലുകൾ, ഗ്ലാസുകൾ എന്നിവ മുളയുടെ സാധ്യതകൾക്ക് സാക്ഷ്യമായി.