കൊല്ലം: കേരള കൗമുദി പത്രാധിപർ കെ. സുകുമാരന്റെ ചരിത്ര പ്രസിദ്ധമായ കുളത്തൂർ പ്രസംഗം പിന്നാക്ക സംവരണ അട്ടിമറിക്കെതിരെയുള്ള ഇന്ത്യയിലെ ആദ്യത്തെ ബോംബായിരുന്നുവെന്ന് മുൻ മന്ത്രിയും പിന്നാക്ക സമുദായ നേതാവുമായ ഡോ.എ. നീലലോഹിതദാസ് പറഞ്ഞു. ഫൈൻ ആർട്സ് ഹാളിൽ ശ്രീനാരായണ മൂവ്മെന്റ് കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന പത്രാധിപർ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെയും കേരളത്തിലെയും ഭൂരിപക്ഷ ജനതയ്ക്കായി പിന്നാക്ക ദളിത്, ന്യൂപക്ഷ വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനു വേണ്ടി പത്രാധിപർ തേച്ചുമിനുക്കിയെടുത്ത പടവാളാണ് കേരള കൗമുദി പത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്നെപോലെ ആയിരക്കണക്കിന് യുവാക്കളെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കു വഹിച്ച മഹാനായ നേതാവും പത്രാധിപരുമായിരുന്നു ഗുരുസ്ഥാനീയനായ കെ.സുകുമാരനെന്ന് അദ്ധ്യക്ഷത വഹിച്ച ശ്രീനാരായണ മൂവ് മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് എസ്. സുവർണ്ണ കുമാർ പറഞ്ഞു. സമ്മേളനത്തിൽ ശ്രീനാരായണ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പ്രൊഫ.കെ. ശശികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കൊല്ലം കോർപറേഷനിലെ ഏറ്റവും പ്രഗത്ഭയും സേവന നിരതയുമായ കൗൺസിലർ എന്ന നിലയിൽ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസിന് ഈ വർഷത്തെ പത്രാധിപർ കെ.സുകുമാരൻ സ്മാരക പുരസ്‌കാരം ഡോ.നീലലോഹിതദാസ് സമ്മാനിച്ചു. പത്രപ്രവർത്തകനും പ്രവാസിയുമായ എ. എം.ഷാ കല്ലുപാലം, പ്രബോധ് എസ്. കണ്ടച്ചിറ, അയത്തിൽ ശങ്കർ, ആദിച്ചനല്ലൂർ ഗോപാലകൃഷ്ണൻ, കൊട്ടാരക്കര ബി.സുധർമ്മ, തലശേരി സുധാകർജി, കീർത്തി രാമചന്ദ്രൻ, മങ്ങാട് ഉപേന്ദ്രൻ, അനിൽ പടിക്കൽ, മുണ്ടയ്ക്കൽ സുരേഷ് കുമാർ, കെ. അംബേദ്ക്കർ, ലത്തീഫ് മാമൂട്, സുരേഷ് അശോകൻ, നിർമ്മലാദേവി, ലിംല ഗോപിനാഥ്, തുടങ്ങിയവർ പ്രസംഗിച്ചു. അവാർഡ് ജേതാവ് വിജയ ഫ്രാൻസിസ് മറുപടി പ്രസംഗം നടത്തി. നെടുമം ജയകുമാർ സ്വാഗതവും ക്ലാവറ സോമൻ നന്ദിയും പറഞ്ഞു.