idavattam
ചിറക്കര ഗ്രാമപഞ്ചായത്തിലെ ഇടവട്ടം പകൽവീട്

കൊല്ലം: സാമൂഹിക നീതി വകുപ്പിന്റെ ഈ വർഷത്തെ മാതൃകാ സായംപ്രഭാ ഹോം പദ്ധതിയിൽ ഉൾപ്പെട്ട ചിറക്കര പഞ്ചായത്തിലെ ഇടവട്ടം പകൽവീട് മറ്റ് പകൽവീടുകൾക്ക് മാതൃകയാവുകയാണ്. പദ്ധതിയിൽ ഉൾപ്പെട്ടതോടെ ഇനി അംഗങ്ങളെ വീട്ടിലെത്തി പകൽവീട്ടിലേക്ക് കൊണ്ടുവരാനും തിരിച്ച് കൊണ്ടാക്കുന്നതിനുമായി വാഹനസൗകര്യം ഉൾപ്പെടെയുള്ളവ ഇനിയിവിടെ ലഭ്യമാകും.

അറുപത് മുതൽ എൺപത്തിയഞ്ച് വയസുവരെ പ്രായമുള്ള മുപ്പതോളം പേരാണ് ഇടവട്ടം പകൽവീടിലെ സ്ഥിരം സന്ദർശകർ. മക്കൾ ഉദ്യോഗസ്ഥരായതിനാൽ ഇവർ ഒറ്റയ്ക്ക് വീട്ടിൽ കഴിയേണ്ട സാഹചര്യമായിരുന്നു മുമ്പുണ്ടായിരുന്നത്. പകൽവീടിന്റെ പ്രവർത്തനം കാര്യക്ഷമമായതോടെ പലരുടെയും ഒറ്റപ്പെടലുകൾ മാറി.

 വിശ്രമം, വിനോദം പിന്നെ ആരോഗ്യ പരിപാലനവും

അംഗങ്ങൾക്ക് മൂന്ന് നേരം ഭക്ഷണം, പത്രം, ടി.വി, വാദ്യോപകരണ വായന എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഇടവട്ടം പകൽവീടിൽ ഒരുക്കിയിട്ടുണ്ട്. ആയുർവേദ ചികിത്സയാണ് മറ്റൊരു പ്രത്യേകത. അഞ്ച് ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ആയുർവേദ ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി അഞ്ച് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. എല്ലാ ദിവസവും യോഗാ പരിശീലനവും നിലവിൽ ഇവിടെ ലഭ്യമാണ്.

 ഇനിയെത്തും

മാതൃകാ സായംപ്രഭാ ഹോം പദ്ധതിയിൽ ഉൾപ്പെട്ടതോടെ വാഹന സൗകര്യത്തിനൊപ്പം മിനി ജിംനേഷ്യം, തെറ്റാപ്പി യൂണിറ്റ്, വീൽ ചെയർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുങ്ങും. കൂടാതെ അസ്ഥിരോഗം, ഹൃദ്രോഗം, മറവിരോഗം, നേത്രരോഗം എന്നിവയുടെ ചികിത്സയ്ക്കായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും.

 പല പഞ്ചായത്തുകളിലും പകൽവീടെന്ന പേരിൽ കെട്ടിടങങ്ങൾ മാത്രമാണ് ഉയരുന്നത്. എന്നാൽ ഇടവട്ടം പകൽവീട് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ടാണ് സാമൂഹിക നീതി വകുപ്പിന്റെ മാതൃകാ സായംപ്രഭാ ഹോം പദ്ധതിയിൽ ഉൾപ്പെട്ടത്.

ഉല്ലാസ് കൃഷ്ണൻ

വാർഡ് മെമ്പർ