thumpara
തുമ്പറ മാർക്കറ്റ്- മുണ്ടയ്ക്കൽ പാലം റോഡിന്റെ പുനർനിർമ്മാണം തുടങ്ങിയപ്പോൾ

 നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

കൊല്ലം: തകർന്ന് തരിപ്പണമായി മാസങ്ങളായി മുണ്ടയ്ക്കലുകാരുടെ നടുവും കാലും ഒടിച്ചുകൊണ്ടിരുന്ന എസ്.എൻ കോളേജ് ജംഗ്ഷൻ- മുണ്ടയ്ക്കൽ പാലം റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചു. പൂർണമായും തകർന്ന തുമ്പറ മാർക്കറ്റ് മുതൽ മുണ്ടയ്ക്കൽ പാലം വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് ആരംഭിച്ചത്. രണ്ടാഴ്ചയ്ക്കകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അഞ്ച് വർഷം മുമ്പാണ് എസ്.എൻ കോളേജ് - തുമ്പറ മാർക്കറ്റ് റോഡ് റീ ടാർ ചെയ്തത്. ഒന്നരവർഷം മുമ്പ് അമൃത് പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി റോഡ് നെടുകെ വെട്ടിപ്പൊളിക്കുകയായിരുന്നു. പൈപ്പിടൽ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനിടെ തുമ്പറ മാർക്കറ്റ് മുതൽ മുണ്ടയ്ക്കൽ പാലം വരെ ഓട നിർമ്മിക്കാൻ റോഡ് വീണ്ടും വെട്ടിപ്പൊളിച്ചതോടെ കാൽനടയാത്രക്കാർക്ക് പോലും ഇതുവഴി സഞ്ചരിക്കാനാകാത്ത അവസ്ഥയായി. നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായതോടെ നഗരസഭ റീ ടാറിംഗിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കിയെങ്കിലും നിർമ്മാണം വൈകുകയായിരുന്നു.

 നിർമ്മാണ തുക 1.30 കോടി

മുണ്ടയ്ക്കലെ തകർന്ന റോഡുകൾ നാട്ടുകാർക്ക് സമ്മാനിക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയത്. ബി.എം ആൻഡ് ബി.സി രീതിയിൽ 1.30 കോടി ചെലവിലാണ് നിർമ്മാണം. അതേസമയം സ്നേഹ ലോഡ്ജ് - തുമ്പറ മാർക്കറ്റ് റോഡ്, മിൾട്ടൺ പ്രസ് - ജോസ് ആർട്സ് റോഡ്, മുണ്ടയ്ക്കലേക്കുള്ള കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ്, ഡി.സി.സി ഓഫീസ് - ലയൺസ് ക്ലബ് റോഡുകളുടെ പുനർനിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല.

 രണ്ട് മാസം മുമ്പിട്ട ഓടയുടെ മേൽമൂടികൾ തകർന്നു

റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികളുമായെത്തിയ ലോറികൾ ഒന്ന് കയറിയിറങ്ങിയപ്പോൾ തന്നെ തുമ്പറ മാർക്കറ്റിന് സമീപം രണ്ട് മാസം മുമ്പ് സ്ഥാപിച്ച ഓടയുടെ മേൽമൂടികൾ തകർന്നു. നേരത്തെ 7 മുതൽ 3.5 മീറ്റർ വീതിയാണ് എസ്.എൻ കോളേജ്- മുണ്ടയ്ക്കൽ പാലം റോഡിനുള്ളത്. ഓട നിർമ്മിച്ചതോടെ തുമ്പറ മാർക്കറ്റ് മുതൽ മുണ്ടയ്ക്കൽ പാലം വരെ റോഡിന്റെ വീതി രണ്ട് മീറ്ററോളം കുറഞ്ഞു.

ഓടയുടെ ഉയരത്തിൽ തന്നെ റോഡ് നിർമ്മിക്കുന്നതിനാൽ ഗതാഗത പ്രശ്നം ഉണ്ടാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ലോറി കയറുമ്പോൾ തകരുന്ന ഓടപ്പുറത്ത് കൂടി എങ്ങനെ സഞ്ചരിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

 '' അശാസ്ത്രീയമായ ഓട നിർമ്മാണം തുമ്പറ മാർക്കറ്റ് മുതൽ മുണ്ടയ്ക്കൽ പാലം വരെയുള്ള ഭാഗത്ത് റോഡിന്റെ വീതി വലിയ അളവിൽ കുറയാൻ കാരണമായി. ഇനി ഈ ഓടപ്പുറത്ത് കൂടി വേണം സഞ്ചരിക്കാൻ. എന്നാൽ ആദ്യമായൊരു വാഹനം കയറിയപ്പോൾ തന്നെ ഓടയുടെ മേൽമൂടി പലയിടങ്ങളിലും തകർന്നു. ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് മേൽമൂടി നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിശദ അന്വേഷണം വേണം.''

അഭിഷേക് മുണ്ടയ്ക്കൽ

(യുവമോർച്ച ജില്ലാ ഭാരവാഹി)