പുത്തൂർ: മീൻ കഴുകി സ്വർണവളയുടെ നിറം മാറിയ സംഭവത്തിൽ പുത്തൂർ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. പരാതിക്കാരിയായ സുലോചന ഭായിയുടെ വീട്ടിൽ ഫ്രിഡ്ജിൽ സുക്ഷിച്ചിരുന്ന മത്സ്യം പരിശോധനയ്ക്കായി കൊണ്ടുപോയി. ചന്തയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരം ഗവ. ഫുഡ് ആൻഡ് ടെക്നോളജി ലാബിലേക്കും വീട്ടീൽ സുക്ഷിച്ചിരുന്ന മത്സ്യം എറണാകുളം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്നോളജി ലാബിലേക്കും (സി.ഐ.എഫ്.ടി) പരിശോധനയ്ക്ക് അയക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ ജതിൻ ദാസ്, വിനോദ്കുമാർ, രാജു, ഫിഷറീസ് ടെക്‌നിക്കൽ അസി. രാജലക്ഷ്മി, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.