അഞ്ചൽ: വാഹനപരിശോധനയ്ക്കിടെ അഞ്ചൽ സി.ഐയ്ക്കും ഗ്രേഡ് എസ്.ഐയ്ക്കും യുവാവിന്റെ മർദ്ദനം. ഇന്നലെ പുലർച്ചെ അഞ്ചൽ മുക്കട ജംഗ്ഷനിലാണ് സംഭവം. സംഭവത്തിൽ അലയമൺ മക്കാട്ട് ഹൗസിൽ മനോജിനെ (38) പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചൽ സി.ഐ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തവേ അതുവഴി വന്ന മനോജിന്റെ കാറിന് കൈകാണിച്ചെങ്കിലും നിറുത്താതെ പോയി. തുടർന്ന് കാറിനെ പിന്തുടർന്ന് ടൗണിൽ വച്ച് തന്നെ വാഹനവും മനോജിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇതിനിടെ പ്രകോപിതനായ മനോജ് സർക്കിൾ ഇൻസ്പെക്ടർ സുധീറിനെയും ഗ്രേഡ് എസ്.ഐ ജോൺകുട്ടിയെയും മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് അഞ്ചൽ, ഏരൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.