ആറുമാസമായിട്ടും കുലുക്കമില്ലാതെ അധികൃതർ
കുണ്ടറ: ആശുപത്രിമുക്കിലെ ഹൈമാസ്റ്റ് ലൈറ്റ് കേടായി ആറ് മാസത്തോളമായിട്ടും അധികൃതർക്ക് അനക്കമില്ല. ഹൈമാസ്റ്റ് ലൈറ്റ് കേടായി ജംഗ്ഷൻ ഇരുട്ടിലായതോടെ ജനങ്ങൾ ദുരിതത്തിലായതിനെക്കുറിച്ച് മേയ് 21ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാൻ തടസമുണ്ടെന്നാണ് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. പുതിയ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തിട്ടും കേടായ ലൈറ്റ് ശരിയാക്കാൻ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ജംഗ്ഷൻ ഇരുട്ടിലായതോടെ ട്രാഫിക് വാർഡന്മാരും ബുദ്ധിമുട്ടിലാണ്. വാഹനങ്ങളുടെ വെളിച്ചത്തിൽ വേണം രാത്രി ഗതാഗതക്കുരുക്ക് നിയന്ത്രിക്കേണ്ടത്. കടകൾ അടയ്ക്കുന്നതോടെ പ്രദേശം കൂരിരുട്ടിലാവും. രാത്രി വൈകിയും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആർ.സി.സിയിലും പോയിട്ട് തിരികെയെത്തുന്ന രോഗികളുൾപ്പെടെയുള്ള യാത്രക്കാരാണ് ഏറെയും കഷ്ടപ്പെടുന്നത്.
ആശുപത്രിമുക്കിലെ ഹൈമാസ്റ്റ് ലൈറ്റ്
2014ൽ പീതാംബരക്കുറുപ്പ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 3.90 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രി മുക്കിൽ ഹൈമാസറ്റ് ലൈറ്റ് സ്ഥാപിച്ചത്. ഒരു വർഷത്തോളം ഒരു ലൈറ്റ് മാത്രമായിരുന്നു കത്തിയിരുന്നത്. ലൈറ്റ് പൂർണമായും തകരാറിലായി 6 മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപനം ഇഴഞ്ഞുനീങ്ങുകയാണ്.
ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വാറന്റി കാലാവധി കഴിഞ്ഞതിനാൽ പുതിയ ടെൻഡർ വിളിക്കേണ്ടതുണ്ട്. അടിയന്തരമായി പരിഹാരം കാണും.
ജലജഗോപൻ
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്