ചാത്തന്നൂർ: പോളച്ചിറ ഏലായിലെ മത്സ്യക്കൃഷിയുടെ ഭാഗമായി ഏലായിലെ പുറമ്പോക്ക് തോടുകൾ ഇരുമ്പുവല കൊണ്ട് അടച്ചതിനാൽ വെള്ളമൊഴുകി പോകാതെ കെട്ടിനിന്ന് കുഴുപ്പിൽ ഏലായിലെ കൃഷി നശിക്കുന്നതായി പരാതി. മഴക്കാലമായതോടെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വലകളിൽ മാലിന്യം അടിഞ്ഞുകൂടി വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസമായിരിക്കുകയാണ്.
ഏലായിൽ വെള്ളം കെട്ടിയതോടെ വിളഞ്ഞുകിടക്കുന്ന നെല്ലുകൾ പോലും കൊയ്തെടുക്കാനാകാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. നെല്ലിന് പുറമെ വാഴ, മരച്ചീനി തുടങ്ങിയ കൃഷിവിളകൾ ഇതുമൂലം നശിക്കുകയാണെന്ന് കുഴുപ്പിൽ ഏലാ കർഷകസമിതി ഭാരവാഹികൾ പറഞ്ഞു. കുഴുപ്പിൽ ഏലായ്ക്ക് മദ്ധ്യഭാഗത്തുള്ള തോട്ടിലെ മാലിന്യം നീക്കം ചെയ്തും തോട് വീതികൂട്ടിയും ഏലായിൽ വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുഴുപ്പിൽ ഏലാ സമിതിയും കർഷകരും ആവശ്യപ്പെട്ടു.
പോളച്ചിറയിലെ ജലമൊഴുക്ക്
ആയിരത്തി അഞ്ഞൂറ് ഏക്കറോളം വരുന്ന പോളച്ചിറ ഏലായുടെ ഇരുവശങ്ങളിലും ഏലായുടെ മദ്ധ്യഭാഗത്തും വിസ്തൃതമായ പുറമ്പോക്ക് തോടുകളാണ്. ഏലായുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഒഴുകി വരുന്ന വെള്ളം ഈ തോടുകൾ വഴിയാണ് പരവൂർ കായലിലേക്ക് പോകുന്നത്.
പുത്തൻകുളം ചിറക്കര ഭാഗങ്ങളിൽ നിന്ന് വരുന്ന വെള്ളം കുഴുപ്പിൽ ഏലായ്ക്ക് ഇരുകരകളിലുമുള്ള തോടുകൾ വഴിയാണ് ഒഴുകിവരുന്നത്. മത്സ്യസംരക്ഷണത്തിനായി തോടുകൾക്ക് കുറുകെ ഇരുമ്പുവലകൾ സ്ഥാപിച്ചതോടെയാണ് കുഴുപ്പിൽ ഏലായിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമായത്.
നടപടി സ്വീകരിക്കും
കുഴുപ്പിൽ ഏലായിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ഇടത്തോടിലെ ചെളിയും മാലിന്യവും നീക്കം ചെയ്യും. ഇരുമ്പ് വലകളിലെ കണ്ണികളുടെ വലുപ്പം വർദ്ധിപ്പിച്ചും ജലമൊഴുക്ക് സുഗമമാക്കാൻ വേണ്ട നടപടി സ്വീകരിക്കും.
ടി.ആർ. ദീപു
ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്