accident
അപകടത്തിൽപ്പെട്ട റെഡിമിക്സ് ലോറിയും ഇന്നോവകാറും കുഴിയിൽ താണ ചരക്ക് ലോറിയും

പത്തനാപുരം: നിയന്ത്രണം വിട്ട കോൺക്രീറ്റ് മിക്സിംഗ് വാഹനം നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ചശേഷം മറിഞ്ഞു. റോഡരുകുചേർന്ന് കടന്നുപോകാൻ ശ്രമിച്ച മറ്റൊരു ലോറി കുഴിയിൽ പുതയുകയും ചെയ്തു.

കാറിലുണ്ടായിരുന്ന ദമ്പതികൾ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. പത്തനാപുരം കടയ്ക്കാമണ്ണിനും പളളിമുക്കിനും ഇടയിൽ ചെലവന്നൂർ പടിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം.

പുനലൂർ ഭാഗത്തുനിന്നു വന്ന മിക്സിംഗ് ലോറി നിറുത്തിയിട്ടിരുന്ന ഇന്നോവ കാറിലിടിച്ചശേഷം റോഡിന് കുറുകെ മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്ന കുന്നിക്കോട് സ്വദേശികളായ മുഹമ്മദ് ഫൈസൽ,ഭാര്യ ഫാത്തിമ എന്നിവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ചെടി വില്‍പന കേന്ദ്രത്തിലെത്തിയ ദമ്പതികൾ പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് അപകടം. കാർ ഭാഗികമായി തകർന്നു. ലോറി ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കുണ്ട്.

പിന്നാലെ മെറ്റലുമായെത്തിയ ചരക്ക് ലോറി വശത്തുകൂടി പോകവേ കുഴിയിൽ താഴുകയായിരുന്നു. ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ശബരിമല തീർത്ഥാടകരടക്കം നൂറ് കണക്കിന് യാത്രികർ കുടുങ്ങി. പള്ളിമുക്ക് പുന്നല അലിമുക്ക് വഴിയും,ചേകം കമുകുംചേരി വഴിയും,കുന്നിക്കോട് വഴിയും വാഹനങ്ങൾ തിരിച്ചുവിട്ടു. മൂന്ന് മണിയോടെ ക്രെയിൻ എത്തിച്ച് വാഹനങ്ങൾ നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.