vidya-chandran
വിദ്യാചന്ദ്രൻ

കൊല്ലം: ദുബായിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച കൊല്ലം തിരുമുല്ലവാരം പുന്നത്തല 'അനുഗ്രഹ'യിൽ വിദ്യാചന്ദ്രന് (40) കുടുംബാംഗങ്ങളും നാടും കണ്ണീരോടെ വിടനൽകി. ദുബായിൽ നിന്ന് തിരുവനന്തപുരംവഴി ഇന്നലെ രാവിലെ ഏഴ് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം എട്ടരയോടെ മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു.
ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് വിദ്യയുടെ മൃതദേഹം വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചത്.അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ മക്കൾ ശ്രദ്ധയെയും വരദയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്ക് ഏറെ പാടുപെടേണ്ടി വന്നു. ബന്ധുക്കളും നാട്ടുകാരും അടക്കം നൂറു കണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ഈ മാസം 9 നാണ് വിദ്യയെ ഭർത്താവ് യുഗേഷ് ദുബായിലെ അൽഖൂസിൽ വിദ്യ ജോലി ചെയ്യുന്ന കമ്പനി വക പാർക്കിംഗ് സ്ഥലത്തെത്തിച്ച് കുത്തിക്കൊലപ്പെടുത്തിയത്. 16 വർഷം മുമ്പ് വിവാഹിതരായ വിദ്യയും ഭർത്താവ് യുഗേഷും തമ്മിൽ ഏറെക്കാലമായി സ്വരചേർച്ചയിലായിരുന്നില്ല. ഒരുവർഷം മുമ്പാണ് വിദ്യ ജോലിതേടി അൽഖൂസിലെത്തിയത്. ഇവിടെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു ജോലി. 9ന് വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തിയ യുഗേഷ് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. ദുബായ് പൊലീസ് യുഗേഷിനെ പിന്തുടർന്ന് പിടികൂടി. ഇയാൾ

ഇപ്പോഴും ദുബായിൽ ജയിലിലാണ്. അവിടെയുള്ള ബന്ധുക്കൾ വഴി യുഗേഷിനെതിരായ നിയമ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാണ് വിദ്യയുടെ കുടുംബത്തിന്റെ തീരുമാനം. ഇന്ത്യൻ എംബസിയുടെ സഹായവും ഉറപ്പുവരുത്തുമെന്ന് സഹോദരൻ വിനയൻ പറഞ്ഞു. ചന്ദ്രശേഖരൻ നായരാണ് വിദ്യയുടെ അച്ഛൻ. അമ്മ: ചന്ദ്രിക