തീരുമാനങ്ങൾ വന്നിട്ട് മാസങ്ങൾ
നടപടികൾ മാത്രം ഇനിയും അകലെ
റൂട്ടിലൂടെ ബസ് സർവീസുകൾ കുറവ്
യാത്രാദുരിതത്തിൽ ജനം വലയുന്നു
സർവീസ് നടത്തേണ്ടത്: 8 ബസുകൾ
പത്തനാപുരം ഡിപ്പോയിൽ നിന്ന്: 4
കരുനാഗപ്പള്ളിയിൽ നിന്ന്: 4
20 മിനിട്ട് ഇടവിട്ട് സർവീസ് നടത്തണം
കുന്നത്തൂർ: പോരുവഴി മലനട ക്ഷേത്രം വഴിയുള്ള കെ.എസ്.ആർ.ടി.സി ചെയിൻ സർവീസിനായി യാത്രക്കാരുടെ കാത്തിരിപ്പ് തുടരുന്നു. പ്രഖ്യാപനം വന്ന് മാസങ്ങൾ പിന്നിട്ടിട്ടും നടപടി മാത്രം ഇനിയും അകലെയാണ്. കരുനാഗപ്പള്ളി, പത്തനാപുരം ഡിപ്പോകളെ ബന്ധിച്ചാണ് സർവീസ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്. ഇത് സംബന്ധിച്ചുള്ള കരുനാഗപ്പള്ളി ഡിപ്പോയുടെ നിർദ്ദേശത്തിന് ചീഫ് ഓഫീസിന്റെ അംഗീകാരവും ലഭിച്ചിരുന്നു.
ഇരു ഡിപ്പോകളിൽ നിന്നും 20 മിനിട്ട് ഇടവിട്ടാണ് സർവീസ് നടത്താൻ തീരുമാനിച്ചത്. നാല് ബസുകൾ വീതമായിരുന്നു കഴിഞ്ഞ ജൂൺ മുതൽ സർവീസ് നടത്തേണ്ടിയിരുന്നത്. പത്തനാപുരത്തു നിന്നും ഏനാത്ത്, മണ്ണടി, കടമ്പനാട്, കല്ലുകുഴി, മലനട, ചക്കുവള്ളി, അരമത്തുമടം, കുറ്റിപ്പുറം, പുതിയകാവ് വഴി കരുനാഗപ്പള്ളിയിലെത്തുന്ന തരത്തിലായിരുന്നു ക്രമീകരണം. ഏറെ ലാഭകരമായ പത്തനംതിട്ട -കൊല്ലം, ചെങ്ങന്നൂർ-കൊല്ലം, കരുനാഗപ്പള്ളി - കൊട്ടാരക്കര, പാരിപ്പള്ളി -കൊട്ടാരക്കര ചെയിൻ സർവീസുകളെ മാതൃകയാക്കിയായിരുന്നു. പത്തനാപുരം - കരുനാഗപ്പള്ളി സർവീസും തീരുമാനിച്ചത്. ഇത് യാഥാർത്ഥ്യമായിരുന്നുവെങ്കിൽ ശൂരനാട്, ചക്കുവള്ളി, പോരുവഴി, മലനട, മണ്ണടി മേഖലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുമായിരുന്നു. ഈ തീരുമാനമാണ് പാതിവഴിയിൽ പഞ്ചറായത്.
യാത്രാദുരിതത്തിൽ ജനം വലയുന്നു
സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കുറവായ മേഖലയിൽ ചെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
വിദ്യാർത്ഥികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ മറ്റ് പ്രദേശങ്ങളിലെത്താൻ വാഹനമില്ലാത്ത അവസ്ഥയിലാണ്.മണിക്കൂറുകളുടെ ഇടവേളയിൽ എത്തുന്ന ബസുകളിൽ ഏതെങ്കിലുമൊന്ന് ഇല്ലാതെ വന്നാൽ യാത്രക്കാർ തിരികെ മടങ്ങേണ്ടിവരും. തിരക്കേറിയ പുതിയകാവ് - ചക്കുവള്ളി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് പേരിനുമാത്രമാണുള്ളത്. ഇതും യാത്രാദുരിതം വർദ്ധിപ്പിക്കുന്നു.