vyapari
പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് സർക്കാർ നഷ്‌ടപരിഹാരം അനുവദിക്കുക, പ്രളയസെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ

തിരുവനന്തപുരം : പ്രളയസെസ് മുൻകാല പ്രാബല്യത്തോടെ പിൻവലിക്കുക, 2018,19 വർഷങ്ങളിലെ പ്രകൃതിക്ഷോഭം മൂലം കച്ചവടം നഷ്ടമായ മുഴുവൻ വ്യാപാരികൾക്കും നഷ്ടപരിഹാരം നൽകുക, വ്യാപാര ക്ഷേമനിധിയിൽ അംഗങ്ങളായ മുഴുവൻ അംഗങ്ങൾക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ സൂചനാ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രകൃതി ദുരന്തങ്ങളിൽ വ്യാപാരികൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്ന് അദേഹം ആവശ്യപ്പെട്ടു.

പാലാ ഉപതിരഞ്ഞെടുപ്പിന് മുൻപായി വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കാളികളായി. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ഭാരവാഹികളായ ദേവസ്യ മേച്ചേരി, പെരിങ്ങമ്മല രാമചന്ദ്രൻ, കെ.കെ.വാസുദേവൻ, പി.സി. ജേക്കബ്, കെ.എൻ.ദിവാകരൻ, എ.ജെ. ഷാജഹാൻ, ബാബു കോട്ടയിൽ, ദേവരാജൻ, അഹമ്മദ് ഷെരീഫ്, പി.കുഞ്ഞവ്വു ഹാജി, തോമസ്‌കുട്ടി, കെ. സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു.