കരുനാഗപ്പള്ളി: തുറമുഖങ്ങളിൽ നങ്കൂരമിടുന്ന വള്ളങ്ങളിൽ നിന്ന് ഈയക്കട്ടികളും വിലപിടിപ്പുള്ള ഉപകരണങ്ങളും പതിവായി മോഷണം പോയിട്ടും അന്വേഷണത്തിൽ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള ധീവരസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.കെ. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം. വത്സലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി. പ്രിയകുമാർ, ഡി. ചിദംബരൻ, ജെ. വിശ്വംഭരൻ, യു. രാജു, കെ.ആർ. രാജേഷ്, കാവിൽ രവി, ശോഭ, നർമ്മദ, ശശികല തുടങ്ങിയവർ പ്രസംഗിച്ചു.