കൊല്ലം: പ്രതിയുടെ സാഹചര്യം പരിഗണിച്ച് നല്ലനടപ്പിന് അവസരം നൽകേണ്ടതുണ്ടെന്നും വിധിന്യായങ്ങളിൽ അർഹമായവയ്ക്കെല്ലാം നല്ലനടപ്പ് നിയമം (പ്രൊബേഷൻ നിയമം) ബാധകമാക്കാൻ ന്യായാധിപന്മാർ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കുമെന്നും ജില്ലാ ജഡ്ജി എസ്. എച്ച് പഞ്ചാപകേശൻ പറഞ്ഞു.
പ്രൊബേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന 'നേർവഴി' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാപത്തെ വെറുക്കുക, പാപിയെ വെറുക്കാതിരിക്കുക എന്ന അടിസ്ഥാന തത്വത്തിൽ ഊന്നിയാണ് പ്രൊബേഷൻ ഒഫ് ഒഫന്റേഴ്സ് ആക്ട് നടപ്പിലാക്കുന്നത്. പ്രതിയുടെ സാഹചര്യം കൂടി വിധിന്യായത്തിൽ പരിഗണിക്കുമ്പോഴാണ് ഈ നിയമത്തിന് പ്രസക്തിയേറുന്നത്. ജയിൽ ശിക്ഷയ്ക്ക് പകരം കുറ്റത്തിന്റെ സാഹചര്യം, ഉദ്ദേശലക്ഷ്യം, പ്രതിയുടെ സ്വഭാവ - വ്യക്തിത്വ സവിശേഷതകൾ തുടങ്ങിയവ കണക്കിലെടുത്ത് താൽക്കാലികമായി ശിക്ഷ മാറ്റിവയ്ക്കാം. ഇങ്ങനെ നല്ലനടപ്പിന് വിധേയമാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് സാഹചര്യം ഒരുക്കുകയാണ് പ്രൊബേഷൻ നിയമത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊബേഷൻ ഓഫീസിന്റെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ക്ലബ് കോൺഫറൻസ് ഹാളിൽ നടത്തിയ പരിപാടിയിൽ പരവൂർ മുൻസിപ്പൽ ചെയർമാഴ കെ.പി കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വ്യക്തിപരിവർത്തന സിദ്ധാന്തവും പ്രൊബേഷൻ സംവിധാനവും എന്ന വിഷയത്തിൽ ജയിൽ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തി. നേർവഴി പദ്ധതിയും പ്രൊബേഷൻ സംവിധാനവും എന്ന വിഷയത്തിൽ ജില്ലാ പ്രൊബേഷൻ അസിസ്റ്റന്റ് റോയി ഡേവിഡ് പ്രഭാഷണം നടത്തി. സാമൂഹ്യനീതി വകുപ്പ് നൽകി വരുന്ന വിവിധ സേവനങ്ങളെയും സ്കീമുകളെയും കുറിച്ച് പ്രൊബേഷൻ ഓഫീസ് സീനിയർ ക്ലർക്ക് അഴൂർ ശിവകുമാർ വിശദീകരിച്ചു. അഡീഷണൽ പ്രൊബേഷൻ ഓഫീസർ സി. എസ് സുരേഷ് കുമാർ പ്ലീനറി സെക്ഷൻ നയിച്ചു. നിയമ വിദ്യാർത്ഥികളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജില്ലാ പ്രൊബേഷൻ ഓഫീസർ സിജു ബെൻ, ജില്ലാ ജയിൽ സൂപ്രണ്ട് ജി. ചന്ദ്രബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, ബാർ അസോസിയേഷൻ സെക്രട്ടറി മനോജ് ശ്രീധർ, പ്രൊബേഷൻ അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ. എസ്. രാഹുൽ, എസ്. ചന്ദ്രശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.