പരവൂർ: സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്ന് പരവൂർ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഒരു മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുത്തത് നാൽപ്പത്തിയഞ്ചോളം വാഹനങ്ങൾ. 'ഓപ്പറേഷൻ സ്‌പൈഡർ' എന്ന മിഷനിലൂടെ പരവൂർ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിൽ രാവിലെ 8 മുതൽ 9 വരെ പരവൂരിൽ നടന്ന പരിശോധനയിലാണ് നിയമം ലംഘിച്ച് റോഡുകൾ കൈയടക്കിയ വാഹനയാത്രികർ കുടുങ്ങിയത്.
ഹെൽമറ്റ്, ലൈസൻസ്, മതിയായ രേഖകൾ എന്നിവയില്ലാതെ വാഹനമോടിച്ചവർക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. ഇതിൽതന്നെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചവരാണ് അധികവും. സ്കൂൾ, ട്യൂട്ടോറിയൽ കോളേജ് പരിസരങ്ങളിൽ പെൺകുട്ടികളെ ശല്യം ചെയ്ത എട്ടോളം പേരെയും അവരുടെ വാഹനങ്ങളും പിടികൂടി. കൂടാതെ പരിശോധനയിൽ നിറുത്താതെ പോയ ഇരുപതോളം വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇവരോട് വാഹനവുമായി സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചതായി പൊലീസ് അറിയിച്ചു. നിയമം ലംഘിച്ച വാഹനങ്ങളുടെ ഉടമസ്ഥരിൽ നിന്ന് പിഴ ഈടാക്കി.
കർശന നടപടി
കഴിഞ്ഞ മാസം നടത്തിയ മിന്നൽ പരിശോധനയിൽ 35 വാഹനങ്ങളാണ് പിടികൂടിയത്. സ്കൂൾ പരിസരങ്ങളിലും ബസ് സ്റ്റാൻഡിലും പൊലീസ് നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും.
ജയകുമാർ
പരവൂർ എസ്.ഐ