chnnakkada
ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ ബസ് ടെർമിനൽ

കൊല്ലം: ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ചവറ ഭാഗത്തേക്ക് പ്രത്യേകം ബസ് ടെർമിനൽ വേണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി നഗരസഭയെ സമീപിച്ചു. തിരക്കേറിയ സമയങ്ങളിലടക്കം ബസ് ടെർമിനലിലേക്ക് കടക്കാൻ സ്വകാര്യ ബസുകൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേകം സ്ഥലം ആവശ്യപ്പെട്ടത്.

തിരക്കേറിയ സമയങ്ങളിൽ ബസ് ടെർമിനൽ പൂർണമായും സ്വകാര്യ ബസുകൾ കൈയടക്കുന്നുവെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആരോപണം. ഇതുമൂലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ബസ് ടെർമിനലിൽ നിൽക്കുന്നവർ കെ.എസ്.ആർ.ടി.സി ബസുകൾ വരുന്നത് അറിയുക പോലുമില്ല. ടെർമിനലിലേക്ക് കയറുന്നതിനെ ചൊല്ലി ഇവിടെ തർക്കങ്ങളും പതിവാണ്. പലപ്പോഴും അപകടങ്ങളും ഉണ്ടാകാറുണ്ട്. സമയ ക്ലിപ്തത പാലിക്കേണ്ടതിനാൽ ടെർമിനലിൽ കയറാതെ, കിട്ടുന്ന യാത്രക്കാരുമായി പോവുകയാണ് പതിവെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
അഞ്ചാലുംമൂട്, ചവറ, ചെങ്ങന്നൂർ ഭാഗത്തേക്കുള്ള ഏകദേശം 150 ഓളം കെ.എസ്.ആർ.ടി.സി ബസുകൾ പ്രതിദിനം ഇവിടെ എത്താറുണ്ട്. നിലവിലെ ബസ് ടെർമിനിലിൽ തന്നെ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാർക്ക് മാത്രമായി പ്രത്യേകം ഷെൽട്ടർ നിർമ്മിക്കുകയോ എതിർവശത്തെ റെയിൽവേ ഭൂമി ഏറ്റെടുത്ത് ബസ് ടെർമിനൽ നിർമ്മിക്കുകയോ വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.

 '' കെ.എസ്.ആർ.ടി.സി പറയുന്നതിൽ സത്യമില്ല. ടെർമിനലിൽ സ്ഥലമുണ്ടായാലും കെ.എസ്.ആർ.ടി.സി ബസുകൾ റോഡിൽ നിറുത്തിയേ യാത്രക്കാരെ കയറ്റിയിറക്കൂ എന്നതാണ് യാഥാർത്ഥ്യം. അഞ്ച് റോഡുകളിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഇവിടെ വരുന്നുണ്ട്. ഒരോ ബസും പ്രതിദിനം 15 രൂപ നഗരസഭയ്ക്ക് ബസ് സ്റ്റാൻഡ് ഫീസ് നൽകുന്നുണ്ട്. കെ.എസ്.ആർ.ടി.സിക്ക് ഇതൊന്നും ബാധകമല്ല."

ലോറൻസ് ബാബു

(ജനറൽ സെക്രട്ടറി, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ)

 '' സ്ഥല പരിമിതി കാരണം നിലവിലെ ബസ് ടെർമിനലിൽ പുതിയൊരു ഷെൽട്ടർ കൂടി നിർമ്മിക്കുക പ്രായോഗികമല്ല. ഇരുകൂട്ടരും പരസ്പരം സഹകരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്.''

വി.എസ്. പ്രിയദർശൻ

(നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ)